മാരക രോഗങ്ങൾ പിടിപെട്ടാൽ സമ്പന്നർക്ക് ചികിത്സ തേടാൻ ആവശ്യത്തിന് സ്വകാര്യ ആശുപത്രികളുണ്ട് കേരളത്തിൽ. എന്നാൽ പാവപ്പെട്ടവർക്ക് രോഗം വന്നാൽ സർക്കാർ ആശുപത്രികളാണ് ഏക ആശ്രയം. സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല ഏറെ പുരോഗതി നേടിയെന്ന് കൊട്ടിഘോഷിക്കുമ്പോഴും പകർച്ച വ്യാധികൾ ഉയർത്തുന്ന ഭീഷണിയെ പൂർണമായും നേരിടാനാകാതെ പകച്ചു നിൽക്കുന്ന കാഴ്ചയാണ്. കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാരായ രണ്ടുപേർ മരിക്കുകയും ചെയ്ത സംഭവം ഒരു നിർദ്ധന കുടുംബത്തിന് തീരാനഷ്ടമായെന്ന് മാത്രമല്ല, നിത്യ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. മക്കൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി ഉയർത്തുമ്പോൾ അത് ചെവിക്കൊള്ളാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. കൊട്ടിയം കണ്ണനല്ലൂർ തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽവീട്ടിൽ മുരളീധരന്റെയും ശ്രീജയുടെയും മക്കളായ മീനാക്ഷി (19), സഹോദരി നീതു (17) എന്നിവരുടെ മരണം ആരോഗ്യരംഗത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്നതാണ്.
അനാസ്ഥ ആരുടേത് ?
സഹോദരിമാർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് ആരോഗ്യവകുപ്പധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന ആരോപണമാണ് ഉയരുന്നത്. ഏപ്രിൽ 23ന് ഇവരുടെ ഇളയ സഹോദരൻ അമ്പാടിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതറിഞ്ഞയുടൻ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും നടത്തിയിരുന്നെങ്കിൽ സഹോദരിമാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാരും മേഖലയിലെ ജനപ്രതിനിധികളും പറയുന്നത്. രോഗലക്ഷണങ്ങളുമായി അമ്പാടിയെ ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. അവിടെ അമ്പാടിക്ക് കൂട്ടിരിക്കാനാണ് സഹോദരിമാരായ മീനാക്ഷിയും നീതുവും എത്തിയത്. രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മീനാക്ഷിക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. പിന്നീട് നീതുവിനും രോഗം പിടിപെട്ടു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെന്നും മെഡിക്കൽ കോളേജിൽ മക്കൾക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നുമുള്ള പിതാവ് മുരളീധരന്റെ വിലാപം ആരെയും സങ്കടത്തിലാഴ്ത്തുകയാണ്. എന്നാൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച രണ്ട് പെൺകുട്ടികൾക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബി.എസ് സുനിൽകുമാർ പറയുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് ലഭിച്ചെന്നും അദ്ദേഹം പറയുന്നു.
പാളിപ്പോയ പ്രതിരോധം
തുടക്കത്തിലേ മഞ്ഞപ്പിത്തം വ്യാപകമായി പടരാനുള്ള സാദ്ധ്യത മനസിലാക്കാനും പ്രതിരോധ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനും കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ വീഴ്ച വരുത്തിയതാണ് പ്രശ്നം ഗുരുതരമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. അടുത്തടുത്ത് വീടുകളുള്ള പ്രദേശത്തെ നിർദ്ധന കുടുംബമാണ് ഇവരുടേത്. സാധാരണ ഗതിയിൽ ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ച് രോഗസാദ്ധ്യത മനസിലാക്കുകയും ബോധവത്ക്കരണ പ്രവത്തനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുകയും ചെയ്യുന്നത് അതാതിടത്തെ ആശ പ്രവർത്തകരാണ്. എന്നാൽ സമരത്തിലായ ആശമാരുടെ സേവനം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ സമ്മതിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മറ്റു ജീവനക്കാരെല്ലാം ഫീൽഡ് വർക്കുകൾ ആശമാരെ ഏൽപ്പിച്ച് സ്വസ്ഥമായിരിക്കുന്നതാണ് കുറെക്കാലമായി നടക്കുന്നത്. കണ്ണനല്ലൂർ ചേരിക്കോണം നഗറിൽ സഹോദരിമാർ മരിച്ച ശേഷമാണ് ഇവിടത്തെ കുടിവെള്ളത്തിന്റെ സാമ്പിൾ പോലും ശേഖരിച്ചതെന്നത് അലംഭാവത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ്. അമ്പാടിക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ മറ്റുള്ളവർക്ക് രോഗം പടരാനുള്ള സാദ്ധ്യത ഒഴിവാക്കാമായിരുന്നു.
മക്കളെ നഷ്ടപ്പെട്ട
ദു:ഖം താങ്ങാനാകാതെ...
രണ്ട് പെൺമക്കളെയും മഞ്ഞപ്പിത്തം കവർന്നെടുത്തതിന്റെ ദു:ഖം സഹിക്കാനാകാതെ കണ്ണീരിലാണ്ടു കഴിയുകയാണ് പിതാവ് മുരളീധരനും ഭാര്യ ശ്രീജയും. പി.എസ്.സി പരീക്ഷ എഴുതി സർക്കാർ ജോലിക്കാരിയാകണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് മകൾ മീനാക്ഷി പോയത്. ഡോക്ടറാകാൻ മോഹിച്ച നീതുമോൾ പ്ളസ്ടു ഫലം കാത്തിരിക്കുകയായിരുന്നു. മക്കളെക്കുറിച്ചോർക്കുമ്പോൾ അച്ഛൻ മുരളീധരന്റെയും അമ്മ ശ്രീജയുടെയും കണ്ണീരൊഴിയുന്നില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനാണ് ഇനി ഇവർക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഏക പ്രതീക്ഷ. ഒരു വീട്ടിലെ രണ്ടുപേർ ദിവസങ്ങളുടെ വ്യത്യാസത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുക എന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും സ്ഥലം സന്ദർശിച്ച പി.സി വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. മേഖലയിൽ ഇതൊരു ആരോഗ്യ അടിയന്തിരാവസ്ഥയായി കണ്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാലു മാസത്തിനിടെ
മരിച്ചത് 16 പേർ
ഈ വർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 3000 ഓളം പേർ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയതായാണ് കണക്ക്. ഇതിൽ 16 പേർ മരിച്ചു. മലിനജലത്തിലൂടെ പടരുന്ന ഹെപ്പറ്റൈറ്റിസ്-എ വിഭാഗത്തിലെ മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. രോഗം ഗുരുതരമാകാത്തതിനാൽ ചികിത്സ തേടാത്തവരുമുണ്ട്. അതിനാൽ അനൗദ്യോഗിക കണക്കിനെക്കാൾ കൂടുതലായിരിക്കും യഥാർത്ഥ രോഗബാധിതരുടെ എണ്ണം. പലരും രോഗം മൂർച്ഛിച്ച ശേഷമാണ് ചികിത്സ തേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും രോഗം ഗുരുതരമാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. മലിനമായ കുടിവെള്ള സ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പടരുന്നത്. കടകളിൽ നിന്ന് വാങ്ങുന്ന ശീതളപാനീയങ്ങൾ തയ്യാറാക്കുന്ന വെള്ളത്തിന്റെ നിലവാരം പരിശോധിക്കപ്പെടേണ്ടതാണ്. പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും പ്രധാനമാണ്. ആൾക്കാർ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ വീടുകളുടെ ശുചിമുറിയും കിണറും തമ്മിൽ അകലം കുറവായിരിക്കും. അത്തരം സാഹചര്യങ്ങളിൽ സെപ്ടിക്ക് ടാങ്കിലെ മലിനജലം കുടിവെെള്ളത്തിൽ കലരാനുള്ള സാദ്ധ്യത ഏറെയാണ്. ഈ പ്രദേശങ്ങളിലെ കിണറുകൾ ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ച് അടിയ്ക്കടി ശുദ്ധീകരിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരാണ് ഇതുസംബന്ധിച്ച ബോധവത്ക്കരണം നടത്തേണ്ടത്. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്നതടക്കം സമൂഹത്തിൽ ബോധവത്ക്കരണം അനിവാര്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 തരത്തിലുള്ള മഞ്ഞപ്പിത്തമാണ് ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നത്. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. രോഗം ബാധിച്ചാൽ കണ്ണ്, ചർമ്മം, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിലാകും. കഠിനമായ ക്ഷീണം, ഛർദി, വയറിളക്കം, ചെറിയ പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ബോധവത്ക്കരിക്കാൻ
ആശമാരില്ല
ആരോഗ്യരംഗത്തെ അടിസ്ഥാന മേഖലയിൽ സജീവമായി പണിയെടുത്തിരുന്ന ആശ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരത്തെ തുടന്ന് അടിസ്ഥാന വർഗങ്ങൾക്കും പാവപ്പെട്ടവർക്കും നൽകിയിരുന്ന ആരോഗ്യബോധവത്ക്കരണവും പകർച്ച വ്യാധി നിയന്ത്രണം സംബന്ധിച്ച പ്രവർത്തനങ്ങളും മുടങ്ങുകയോ മന്ദീഭവിക്കുകയോ ചെയ്തുവെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ തന്നെ സമ്മതിക്കുന്നത്. ആരോഗ്യരംഗത്ത് തക്കസമയത്ത് ഇടപെട്ട് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യേണ്ട ആശ വർക്കർമാർ 100 ദിവസത്തിലേറെയായി സമരരംഗത്താണ്. ഓരോ പ്രദേശത്തെയും വീടുകൾ സന്ദർശിക്കുകയും പകർച്ച വ്യാധികളുണ്ടായാൽ അടിയന്തിരമായി ഇടപെട്ട് അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതും ആശമാരായിരുന്നു. സംസ്ഥാനത്ത് കാൽലക്ഷത്തോളം ആശമാരുള്ളതിൽ നല്ലൊരു പങ്കും സമരരംഗത്താണ്. പരസ്യമായി സമരത്തിനില്ലാത്തവർ സജീവമായി ഇടപെടാതെ മാറിനിൽക്കുകയുമാണ്. മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ച വ്യാധികളുണ്ടായി രോഗികൾ മരണപ്പെടുന്ന സാഹചര്യം ആശമാരുടെ ഇടപെടൽ ഇല്ലാത്തതു മൂലമാണെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ തന്നെയാണ് പറയുന്നത്. ഓണറേറിയം വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |