SignIn
Kerala Kaumudi Online
Friday, 20 June 2025 1.27 PM IST

സംസ്ഥാനത്ത് 273 കൊവിഡ് കേസുകൾ, കൂടുതൽ രോഗികൾ കോട്ടയത്ത്, ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ നി‌ർദ്ദേശം

Increase Font Size Decrease Font Size Print Page

covid-mask
ഫയൽചിത്രം

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്. നിർദ്ദേശിച്ചു. എവിടെയെങ്കിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

273 കൊവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂർ 26 എന്നിങ്ങനെയാണ് ഈ മാസത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

പ്രതിരോധ മാർഗങ്ങൾ

  • മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യുമ്പോൾ രോഗം പടരാൻ സാധ്യതയുള്ളതിനാൽ അവർ ഭക്ഷണം പാകം ചെയ്യാൻ പാടില്ല.
  • മഞ്ഞപ്പിത്തം ബാധിച്ചവർ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പർക്കം പുലർത്താതിരിക്കുകയും ചെയ്യണം.
  • രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല.
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
  • കുടിവെള്ളം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണം.
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.

മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കി ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റർ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ജാഗ്രത പുലർത്തണം.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: COVID, COVID KERALA, VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.