പ്രകൃതിക്ഷോഭത്തിൽ ഏതു മനുഷ്യനിർമ്മിതികളും തകർന്നുവീഴാം. അതിന് ആരെയും പഴിക്കാനാവില്ല. അത് പ്രകൃതിയുടെ നിശ്ചയമാണെന്നു കരുതി പുതുക്കിപ്പണിയാനേ കഴിയൂ. യുദ്ധക്കെടുതികളുടെ ഭാഗമായും വലിയ നിർമ്മിതികൾ തവിടുപൊടിയാകാം. അതിനു കാരണക്കാരൻ മനുഷ്യൻ തന്നെയാണ്. എന്നാൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയും അപകടങ്ങളുടെ മുന്നറിയിപ്പ് കിട്ടിയിട്ടും അതു പാലിക്കാതെയും ചെയ്യുന്ന നിർമ്മിതികൾ പാതിവഴിക്ക് ഇടിഞ്ഞുവീഴുന്നതിന് നിർമ്മാണഘട്ടത്തിലെ ഗുരുതരമായ പിഴവുകളല്ലാതെ മറ്റൊരു കാരണമില്ല. അതിന്റെ ഉത്തരവാദി ആ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി തന്നെയാണ്. അതോടൊപ്പം തന്നെ അതിന് മേൽനോട്ടം വഹിച്ച സർക്കാരിന്റെ ഉദ്യോഗസ്ഥരും തികച്ചും ഉത്തരവാദികളാണ്. മലപ്പുറം ജില്ലയിലെ കൂരിയാട് നിർമ്മാണത്തിലിരുന്ന ദേശീയപാത മഴക്കാലം എത്തുന്നതിനു മുമ്പുതന്നെ ഇടിഞ്ഞുതാണതിന്റെ പ്രാഥമിക ഉത്തരവാദിത്വം കരാറെടുത്ത കമ്പനിക്കു തന്നെയാണ്. അതോടൊപ്പം, ദേശീയപാതാ അതോറിട്ടിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
കരാറെടുത്ത കെ.എൻ.ആർ കൺസ്ട്രക്‌ഷൻസ് എന്ന കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കമ്പനി ചെലവിൽ തകരാർ തീർക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഉടനടി ഇത്തരം ശിക്ഷാനടപടികൾ സ്വീകരിച്ചത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഇവിടെ എന്തുകൊണ്ട് ഇടിച്ചിൽ ഉണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കാരണമറിഞ്ഞാലേ ചികിത്സ ഫലപ്രദമാകൂ. കൂരിയാട്, തൃശൂർ, കുപ്പം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ നിർമ്മാണവീഴ്ചയും ദേശീയപാതാ നിർമ്മാണം പൊതുവിലും ഡൽഹി ഐ.ഐ.ടിയിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള സമിതി പരിശോധിക്കുമെന്ന് അറിയുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രശ്നത്തിൽ ഇടപെട്ടാണ് ഇത്തരം നടപടികൾ എടുത്തത്.
കണ്ണൂർ കുപ്പത്ത്, പാതയിലെ വിള്ളലിനുള്ള കാരണം ഡി.പി.ആറിലെ അപാകതകളാണെന്നാണ് ദേശീയപാതാ അതോറിട്ടി ഇപ്പോൾ പറയുന്നത്. ഇക്കാര്യം നിർമ്മാണം പൂർത്തിയാകുന്ന ഘട്ടത്തിലല്ല പറയേണ്ടത്. നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് പറയേണ്ടതാണ്. രാഷ്ട്രീയമായ ചേരിതിരിവുകളും വാഗ്വാദങ്ങളും ഉണ്ടാക്കാൻ മാത്രമേ ഇത്തരം നിരീക്ഷണങ്ങൾ ഇടയാക്കൂ. ജനങ്ങൾക്കു വേണ്ടത് ഇനിയൊരു അപകടത്തിന് ഇടയാക്കാതെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ എടുക്കുക എന്നതാണ്. റോഡ് തകർന്ന സ്ഥലത്ത് പാലം വേണമെങ്കിൽ അതും നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് കെ.എൻ.ആർ കൺസ്ട്രക്ഷൻസ് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഇനി അവിടെ പാലമാണോ റോഡാണോ വേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും വിദഗ്ദ്ധോപദേശം തേടിയതിനുശേഷം അഭിപ്രായം പറയാം.
റോഡ് തകർന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനല്ലെങ്കിലും ജനങ്ങൾക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള സുരക്ഷിത നിർമ്മാണം നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിനും പൂർണമായും ഒഴിഞ്ഞുനിൽക്കാനാവില്ല. കാരണം, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ പല സ്ഥലങ്ങളിലും ദേശീയപാതയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകളിൽ വിള്ളലുകൾ വീഴുന്നത് ഫോട്ടോകളും വാർത്തകളും സഹിതം മാദ്ധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. എന്നാൽ ഇതിന്റെ പേരിൽ കേരളത്തിലെ ദേശീയപാതാ നിർമ്മാണം മുഴുവനും കുഴപ്പമാണെന്ന് പ്രചരിപ്പിക്കുന്നത് തീരെ ശരിയല്ല. ഇത്തരക്കാർ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവരാണ്. രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള വിവാദം പ്രശ്നത്തിലെ യഥാർത്ഥ അപാകതകൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ മുങ്ങിപ്പോകാനേ ഇടയാക്കൂ. ജനങ്ങൾക്കു വേണ്ടത്, കൂരിയാട്ടേതു പോലെയുള്ള പാകപ്പിഴകൾ എവിടെയെങ്കിലും ആവർത്തിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സത്വര നടപടികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |