
തിരുവനന്തപുരം: ചില മേഖലകളിലൊഴികെ ദേശീയപാത 66ലെ സർവീസ് റോഡുകൾ വൺ വേ ആക്കാൻ ദേശീയപാത അതോറിട്ടി തീരുമാനം. മിക്കയിടത്തും ഇരുവശത്തേക്കും ഗതാഗതത്തിനുവേണ്ട വീതിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ടു വേ ആയിരിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
മലപ്പുറത്താകും ആദ്യം നടപ്പാക്കുക. മറ്റിടങ്ങളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷം നടപ്പാക്കും. റോഡ് നിർമ്മാണം പൂർണമായ റീച്ചുകളിലാകും പരിഷ്കാരം.
എൻ.എച്ച് 66 നിർമ്മാണത്തിനുശേഷം സർവീസ് റോഡുകൾക്ക് ആറരമീറ്റർ മാത്രമാണ് പരമാവധി വീതി. ചിലയിടത്ത് അഞ്ചു മീറ്ററും. ലോറികളും ബസുകളുമൊക്കെ ഇരുഭാഗത്തേക്കും കടന്നുപോകുമ്പോൾ ഗതാഗത കുരുക്കുണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് നടപടി.
വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും പ്രധാന പാതയിലൂടെയാണ് പോകുന്നത്. ഭാവിയിൽ ഇവയുടെ യാത്ര സർവീസ് റോഡിലൂടെ മാത്രമാക്കാനും ആലോചനയുണ്ട്. ദേശീയപാതയുടെ വീതി 65 മീറ്റർ എന്നത് കേരളത്തിൽ 45 ആക്കിയപ്പോൾ ഏറ്റവുമധികം ബാധിച്ചത് സർവീസ് റോഡിന്റെ വീതിയെയാണ്.
ദീർഘദൂര ബസ് സർവീസിന് പ്രധാന പാത
കെ.എസ്.ആർ.ടി.സി അടക്കം ദീർഘദൂര ബസുകൾ പ്രധാനപാത തന്നെ ഉപയോഗിക്കണം. ഹ്രസ്വദൂരത്തേക്കുള്ളവ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ.
പ്രധാന പാതയിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. അതേസമയം, തിരുവനന്തപുരത്തെ ചില സർവീസ് റോഡുകൾക്ക് കയറ്രിറക്കങ്ങൾ കൂടുതലായതിനാൽ ഇത് പ്രായോഗികമാകില്ല.
പാർക്കിംഗ് പാടില്ല
1.സർവീസ് റോഡിൽ ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിംഗ് ഒഴിവാക്കും
2. കൈയേറ്റങ്ങളും അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകളുമടക്കം നീക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |