അരികുവൽക്കരിക്കപ്പെട്ട പട്ടികജാതി - പട്ടികവർഗങ്ങളുടെ അവകാശങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഈ 25-ന് തൃശൂർ ടൗൺഹാളിൽ വച്ച് സംസ്ഥാന തലത്തിൽ സംവരണ സംരക്ഷണ സംഗമം നടക്കുകയാണ്. നൂറിലധികം എസ്.സി - എസ്.ടി സംഘടനകളുടെ കൂട്ടായ്മയായ 'ആനുപാതിക പ്രാതിനിദ്ധ്യ പ്രക്ഷോഭ സമിതിയുടെ" (എ.പി.പി.എസ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ആനന്ദ്‌രാജ് അംബേദ്‌കർ ആണ്. സുപ്രീം കോടതിയിലെ, പഞ്ചാബ് സംസ്ഥാനവും ദാവീന്ദർസിംഗും തമ്മിലുള്ള കേസിൽ 2005- ലെ ഇ.വി. ചിന്നയ്യ കേസ് വിധി മറികടക്കുകയും സംസ്ഥാന സർക്കാരുകൾ പട്ടികജാതി - പട്ടികവർഗ ലിസ്റ്റുകൾ ഉപ വർഗീകരണം നടത്തിയത് സാധുവാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
കൂടാതെ, ക്രീമിലയർ തത്വം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും നടപ്പാക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. ഒരു ജഡ്‌ജിയാകട്ടെ, ഒരു തലമുറയിലുള്ളവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കിൽ അടുത്ത തലമുറയിലുള്ളവർക്ക് സംവരണാനുകൂല്യത്തിന് അർഹതയില്ല എന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 341, 342 എന്നിവ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചുകൊണ്ട് ഡോ. ബി.ആർ. അംബേദ്‌കർ പറഞ്ഞത്, 'പട്ടികജാതി - പട്ടികവർഗ ലിസ്റ്റുകൾ ബന്ധപ്പെട്ട സംസ്ഥാന ഭരണാധികാരിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി അംഗീകാരം നൽകി പൊതുവിജ്ഞാപനം ചെയ്യേണ്ടതാണെന്നും, രാഷ്ട്രപതിയാൽ അംഗീകരിക്കപ്പെട്ട ലിസ്റ്റിൽ ഏതെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ വേണ്ടിവരികയാണെങ്കിൽ അതിനുള്ള അധികാരം പാർലമെന്റിനു മാത്രമാണ്"എന്നുമാണ്. ഈ അധികാരം ഇന്ത്യൻ പ്രസിഡന്റിനോ സംസ്ഥാന സർക്കാരുകൾക്കോ നൽകിയിട്ടില്ല.
ഉപവർഗീകരണം
എന്ന പഴുത്
രാഷ്ട്രീയ പാർട്ടികളുടെ താത്‌പര്യമനുസരിച്ച് ലിസ്റ്റിൽ മാറ്റം വരുത്താതിരിക്കാനാണ് അനുച്ഛേദം. 341, 342 - ക്ളാസ് (2) പ്രകാരം ഇങ്ങനെയൊരു വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അതായത്, പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങൾ രാഷ്ട്രീയ താത്‌പര്യമനുസരിച്ച് മാറ്റം വരുത്താൻ പാടില്ല എന്ന വ്യക്തമായ കാഴ്ചപ്പാട് ഭരണഘടനാ നിർമ്മാണ സഭയ്ക്ക് ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഉപവർഗീകരണം വഴി ഓരോ സംസ്ഥാനത്തെയും ഭരണകക്ഷികൾ അവർക്കു യുക്തമായ മാനദണ്ഡങ്ങൾ സ്വീകരിച്ചാൽ ദേശീയാടിസ്ഥാനത്തിൽ പൊതുവായ മാനദണ്ഡം ഇല്ലാതാവുകയും പട്ടിക വിഭാഗത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഇതു മാത്രമല്ല, ക്ളാസ് (2) പ്രകാരം രാഷ്ട്രീയ താത്‌പര്യമനുസരിച്ച് ലിസ്റ്റിൽ മാറ്റം വരുത്താൻ പാടില്ലെന്ന തത്വം പിൻവാതിലിലൂടെ ലംഘിക്കുന്ന അവസ്ഥയുണ്ടാവുകയും, പട്ടിക വിഭാഗങ്ങളുടെ ഐക്യം തകരുകയും, അവർ ഒരു രാഷ്ട്രീയ ശക്തിയല്ലാതാവുകയും ചെയ്യും. ജാതിയുടെ നിർമ്മൂലനം എന്ന ഡോ. ബി.ആർ. അംബേദ്കറുടെ ആശയം തിരസ്‌കരിക്കപ്പെട്ട് പട്ടിക വിഭാഗത്തിന്റെ തന്നെ നിർമ്മൂലത്തിൽ എത്തുകയും, വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള ശക്തി ക്ഷയിച്ച് എന്നേയ്ക്കുമായി അവർ അടിമത്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.
ആദ്യം വേണ്ടത്
വിശദ ഡേറ്റ
1992-ലെ ഇന്ദ്ര സാഹ്‌നി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പട്ടികവിഭാഗങ്ങൾക്ക് ക്രീമിലെയർ തത്വം നടപ്പാക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. പട്ടിക വിഭാഗങ്ങൾക്ക് ക്രീമിലെയർ നടപ്പാക്കാൻ ആധാരമായ ഒരു സർവേയും ഇന്ത്യയിൽ നടന്നതായി കാണുന്നില്ല. ആധികാരികമായ ഒരു രേഖയുടെയും ഡേറ്റയുടെയും പിൻബലമില്ലാതെ ഇത് എങ്ങനെ നടപ്പാക്കുമെന്നും അതിന്റെ മാനദണ്ഡം എന്തായിരിക്കും എന്നുള്ളതും തർക്കവിഷയമാണ്. ഒരു തലമുറയിൽപ്പെട്ടവർക്ക് സംവരണം ലഭിച്ചാൽ അടുത്ത തലമുറയ്ക്ക് സംവരണം നൽകേണ്ടതില്ല എന്ന അഭിപ്രായം യഥാർത്ഥ വസ്തുതകൾ വിശകലനം നടത്തിയിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ ഒ.ബി.സിക്കും ഇ.ഡബ്ളിയു.എസ് എന്ന മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമുള്ള സംവരണത്തിൽ ഈ മാനദണ്ഡം സ്വീകരിച്ചതായി കാണുന്നില്ല.
കേരളത്തിൽ അധഃസ്ഥിതരുടെ അവകാശ ലംഘനം നടക്കുന്നതിൽ പ്രഥമ സ്ഥാനമാണ് എയിഡഡ് വിഭ്യാഭ്യാസ മേഖലയ്ക്ക് ഉള്ളത്. 1,64,000 അദ്ധ്യാപക - അനദ്ധ്യാപകർ തൊഴിൽ ചെയ്യുന്ന ഈ മേഖലയിൽ 1960-നു ശേഷം അധഃസ്ഥിതർക്ക് ഒരു സംവരണവും നൽകിയിട്ടില്ല. സർക്കാർ ഖജനാവിൽ നിന്ന് പ്രതിവർഷം 12,000 കോടി രൂപ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നീ ഇനങ്ങളിൽ ചെലവഴിക്കുന്നതിൽ പത്തു ശതമാനം സംവരണത്തിന് പട്ടിക വിഭാഗങ്ങൾക്ക് ന്യായമായും നിയമപരമായും അവകാശമുണ്ട്.
നിഷേധത്തിന്റെ
പല വഴികൾ
നിലവിലുള്ള നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് 22.5 ശതമാനവും സംസ്ഥാന സർക്കാരിൽ നിന്ന് 10 ശതമാനവും പട്ടിക വിഭാഗത്തിനായി നീക്കിവയ്ക്കേണ്ടതാണ്. എന്നാൽ പ്ളാനിംഗ് ബോർഡ് ഇല്ലാതാക്കിയും, 'കിഫ്‌ബി" വഴി വികസനപ്രവർത്തനങ്ങൾ നടത്തിയും, ഫണ്ട് വകമാറ്റി ചെലവഴിച്ചും, എസ്.സി / എസ്.ടി ഫണ്ട് വെട്ടിക്കുറച്ചും, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും നൽകാതെയും, പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചര ലക്ഷം ഏക്കർ സർക്കാർ ഭൂമി ഏറ്റെടുത്ത് ഭൂരഹിത പട്ടികവിഭാഗക്കാർക്ക് നൽകാതെയും പട്ടികവിഭാഗക്കാരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണ്.
ഭരണഘടനയിലെ 335-ാം അനുച്ഛേദം അനുസരിച്ച് പട്ടിക വിഭാഗക്കാർക്ക് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ കാര്യങ്ങളുമായി ബന്ധപ്പെട്ട സർവീസുകളിലേക്കും തസ്തികകളിലേക്കും നിയമനങ്ങളിൽ അവകാശം ഉറപ്പാക്കിയിട്ടുള്ളതും, സർക്കാരുകൾക്ക് ഏതെങ്കിലും തരത്തിൽ അവകാശമുള്ള സ്ഥാപനങ്ങളിലെല്ലാം നിർബന്ധമായി സംവരണം നൽകേണ്ടതുമാണെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. സർക്കാരിതര സ്വകാര്യ മേഖലയിൽ സംവരണം എന്നത് അധഃസ്ഥിതരുടെ ന്യായമായ അവകാശമാണ്.
അടിച്ചമർത്തപ്പെട്ട പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരിക, പട്ടിക വിഭാഗങ്ങളുടെയും സമാന ചിന്താഗതിക്കാരുടെയും ഐക്യം ഊട്ടിയുറപ്പിച്ച് രാഷ്ട്രീയാധികാരത്തിൽ അർഹമായ പ്രാതിനിദ്ധ്യം നേടുക, പട്ടികവിഭാഗക്കാരുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കുക, സുപ്രീംകോടതിയുടെ 2024 ആഗസ്റ്റ് 1-ലെ വിധി മറികടക്കുന്നതിന് പാർലമെന്റിൽ നിയമം കൊണ്ടുവരിക എന്നിവ ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |