ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാർ കേന്ദ്രങ്ങൾ ഇന്ന് കോടതിയെ അറിയിക്കും. നിമിഷപ്രിയയുടെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് സർക്കാർ വൃത്തങ്ങൾ വിവരം അറിയിക്കുക. കൊലക്കേസിൽ യമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ. ബുധനാഴ്‌ചയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ച തീയതി. ഇത് മരവിപ്പിക്കുന്നതിനും നിമിഷപ്രിയയുടെ മോചനത്തിനുമായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.
ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാർ വക്കാലത്ത് ഫയൽ ചെയ്‌തിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായ കാര്യം ചെയ്യുമെന്ന് വിശദാംശം മുദ്രവച്ച കവറിൽ നൽകി കേന്ദ്രം അറിയിച്ചേക്കും.
2017 ജൂലായിൽ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ എംബസി അയൽരാജ്യമായ ജിബൂട്ടിയിലാണ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതൽ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.
നിമിഷ ഭാര്യയാണെന്ന് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. പരാതി നൽകിയ നിമിഷപ്രിയയെ ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |