തിരുവനന്തപുരം: വാഹനാപകടത്തിൽ ശരീരം തളർന്ന് നാല് വർഷമായി കിടക്കയിൽ കഴിയുന്ന ഷെറഫിന് (53) പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തി. തദ്ദേശസ്വയംഭരണ വകുപ്പിൽ സീനിയർ ക്ളാർക്കായിരുന്ന ഷെറഫിന്റെ നിസഹായാവസ്ഥ ഇന്നലെ 'കേരളകൗമുദി ' പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വായിച്ച ഉമ്മൻചാണ്ടി ഷെറഫിനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചതോടെ, കൊല്ലം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരാണ് അദ്ദേഹത്തെ പന്മന വടക്കുംതലയിലെ ഷെറഫിന്റെ വാടകവീട്ടിലേക്ക് കൊണ്ടുവന്നത്. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും കോൺഗ്രസ് വടക്കുംതല മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്തും ഉമ്മൻചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എം.എ. ബേബിക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ജെർമിയാസിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഉമ്മൻചാണ്ടി ഇന്നലെ രാവിലെ കൊല്ലത്ത് എത്തിയത്. ഇതിനിടെയാണ് കേരളകൗമുദി വാർത്ത കണ്ടത്. തുടർന്ന് രാവിലെ എട്ടിനാണ് അദ്ദേഹം ഷെറഫിനെ സന്ദർശിച്ചത്. കാര്യങ്ങൾ വിശദമായി അദ്ദേഹം ചോദിച്ച് മനസിലാക്കി.
മുഖ്യമന്ത്രിക്ക് ഒരു നിവേദനം തയ്യാറാക്കി തന്നെ ഏല്പിച്ചാൽ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് തുടർനടപടികൾക്ക് ആവശ്യമായ സഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 15 മിനിട്ടോളം അദ്ദേഹം ഷെറഫിന്റെ വീട്ടിൽ ചെലവഴിച്ചു. 2015 ൽ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ജോലിചെയ്യുമ്പോഴാണ് ഷെറഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മറ്റൊരു വാഹനമിടിച്ച് അപകടമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന് കഴുത്തിന് താഴേക്കുള്ള ചലനശേഷിയും സ്പർശന ശേഷിയും പൂർണമായി നഷ്ടമായിരുന്നു.
ചികിത്സയ്ക്കായി സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. അപകട ഇൻഷ്വറൻസ് സംബന്ധമായ കേസിലും തീർപ്പായിട്ടില്ല. ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതായതോടെ തദ്ദേശസ്വയംഭരണ വകുപ്പ് ഷെറഫിന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു. തൊഴിൽ രഹിതയായ ഭാര്യയും ബിരുദവിദ്യാർത്ഥിയായ മകനും ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയായ മകളും ഉൾപ്പെട്ടതാണ് ഷെറഫിന്റെ കുടുബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |