തിരുവനന്തപുരം: വികസനത്തിൽ നൂറിൽ മുഴുവൻ മാർക്കുമുള്ള രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. സാമൂഹിക നീതിയോടെ, സർവതല സ്‌പർശിയായ വികസനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിർവഹണ പുരോഗതിയാണ് 326 പേജുകളുള്ള പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്.
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്ളാറ്റ്ഫോമിന്റെ ആദ്യരൂപം ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കി. ഏഴുലക്ഷം തൊഴിലവസരങ്ങളുടെ വിവരം ലഭ്യമാക്കാൻ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി കരാർ ഒപ്പിട്ടു. കേരള നോളജ് ഇക്കോണമി മിഷനിലൂടെ 1.29 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കി. ഐ.ടി മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. ഐ.ടി കയറ്റുമതി 8,003 കോടി രൂപയിൽ നിന്ന് 24, 793 കോടിയായി. വിവിധ രാജ്യങ്ങളിലേക്ക് നോർക്ക റൂട്ട്സിലൂടെ 3,833 റിക്രൂട്ട്മെന്റുകൾ നടത്തി.
സംരംഭക വർഷം പദ്ധതിയിലൂടെ മൂന്നര ലക്ഷത്തിലേറെ സംരംഭങ്ങൾ തുടങ്ങി. 22,500 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിച്ചു. ഏഴര ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിച്ചു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 17,668.66 കോടിയുടെ റോഡ്, പാലം പ്രവൃത്തികൾക്ക് സാമ്പത്തികാനുമതി നൽകി. 11,665.95 കിലോമീറ്റർ റോഡുകൾ ബി.എം.ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തി.
ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം പട്ടയങ്ങൾ കൂടി നൽകും. ലൈഫ് മിഷൻ പദ്ധതിയിലും പുരോഗതിയുണ്ടായി. അനുവദിച്ച 5,79,568 വീടുകളിൽ 4,52,156 എണ്ണം പൂർത്തിയാക്കി. ജനങ്ങളുടെ ജീവിത നിലവാരം പടിപാടിയായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
'എല്ലാം ശരിയായി"
ഭരണത്തുടർച്ച കിട്ടിയതിനാലാണ് സംസ്ഥാനത്ത് ഇത്രയും വികസനം സാദ്ധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാവും" എന്ന് 2016ൽ പറഞ്ഞ മുദ്രാവാക്യം അന്വർത്ഥമായെന്നും ചൂണ്ടിക്കാട്ടി.
കിഫ്ബി സൂപ്പർഹിറ്റ്
പശ്ചാത്തല സൗകര്യ സൃഷ്ടിയിൽ വൻ പുരോഗതി കൈവരിച്ചു. ഇതിൽ കിഫ്ബി നിർണായക പങ്കുവഹിച്ചു. ഡിസംബറിനുള്ളിൽ 12,500 കോടിയുടെ പദ്ധതികൾ കൂടി പൂർത്തിയാക്കാനാണ് കിഫ്ബിയുടെ ലക്ഷ്യം. അതോടെ 32,000 കോടിയുടെ പദ്ധതി പൂർത്തീകരണം കിഫ്ബിയിലൂടെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 88,070 കോടിയിലധികം രൂപയുടെ 1,156 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. അതിൽ 21,642.49 കോടിയുടെ പദ്ധതികൾ വരുമാന ലഭ്യതയുള്ളവയാണ്. വരുമാനദായക പദ്ധതികളിൽ നിന്ന് തിരിച്ചടവായി 200 കോടിയിലധികം രൂപ കിഫ്ബിക്ക് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |