കൊച്ചി: പത്തു നാടകങ്ങൾ രചിച്ച് അഞ്ഞൂറിലേറെ വേദികളിൽ അവതരിപ്പിക്കുകയും നൂറുകണക്കിനുപേരെ പരിശീലിപ്പിക്കുകയും ചെയ്‌ത 62കാരൻ ബ്രിട്ടോ വിൻസെന്റ് ആശാന് ചവിട്ടുനാടകം എന്നും ഹരമാണ്. രചനയിലും സംവിധാനത്തിലും മാത്രമല്ല, ആലാപനം, സംഗീതം, ചമയം, പരിശീലനം, ഗവേഷണം എന്നിവയിലും സജീവമായ ആശാൻ പുസ്‌തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്.
ഫോർട്ടുകൊച്ചിയിലെ ഏക ചവിട്ടുനാടക ആശാനാണ് വെളി കുരിശിങ്കൽവീട്ടിൽ കലാശ്രീ ബ്രിട്ടോ വിൻസെന്റ്. പ്രീഡിഗ്രിക്ക് പഠിക്കവേ പതിനേഴാം വയസിലാരംഭിച്ചതാണ് ചവിട്ടുനാടകക്കമ്പം. പത്താമത്തെ നാടകമായ 'പന്തിയോസ് പീലാത്തോസ് " അവതരിപ്പിക്കുകയാണ് ഇപ്പോൾ.
നാലും അഞ്ചും മണിക്കൂർ നീളുന്ന നാടകവും റിഹേഴ്സലും കണ്ടാണ് തുടക്കം. മുല്ലവളപ്പിലെ റിഹേഴ്സൽ ക്യാമ്പിൽ ചെന്ന ബ്രിട്ടോയെ കൂട്ടുകാർ പിടികൂടി. ഒരുനടൻ പിന്മാറി. പകരം അഭിനയിക്കണം. ആസ്വദിക്കുമെങ്കിലും അഭിനയിക്കാൻ താത്പര്യമില്ലായിരുന്നു. ജോസി വടക്കേവീടൻ എന്ന ആശാൻ ധൈര്യംനൽകി. സെന്റ് സെബാസ്റ്റ്യൻ നാടകത്തിൽ ചെറിയവേഷത്തിൽ അരങ്ങേറ്റം. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. തുറമുഖത്തെ ജോലിക്കൊപ്പം ചവിട്ടുനാടകം ജീവിതത്തിന്റെ ഭാഗമാക്കി. വിരമിച്ചശേഷം പൂർണസമയ കലാകാരനായി.
പ്രീഡിഗ്രി പഠനകാലത്ത് ആദ്യനാടകം രജതസിംഹൻ എഴുതി. ക്രൈസ്തവകഥയ്‌ക്ക് പകരം ഹിന്ദുപുരാണമായിരുന്നു ഇത്. രണ്ടുമുതൽ അഞ്ചുമണിക്കൂർ നീളുന്ന നാടകങ്ങൾ ഒരുക്കി. കൊവിഡ് കാലത്ത് ഏകാംഗപ്രകടനവും നടത്തി. ജൂലിയസ് സീസർ നാടകത്തിലെ കാഷ്യസ് എന്ന വില്ലനെ പത്തുമിനിറ്റ് നീളുന്ന ചവിട്ടുനാടകമായി വേദികളിൽ അവതരിപ്പിച്ചു.
18വർഷംമുമ്പ് കൊച്ചിൻ ചവിട്ടുനാടകക്കളരി ആരംഭിച്ചു. കർട്ടൻ, വേഷങ്ങൾ, മറ്റു സജ്ജീകരണങ്ങൾ എന്നിവ ശേഖരിച്ചു. മറ്റു സംഘങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇവ നൽകും. 12 ജില്ലകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് പരിശീലനം നൽകുന്നുണ്ട്. ചവിട്ടുനാടകത്തിൽ രണ്ടു ഗവേഷകർക്ക് മാർഗദർശി കൂടിയാണ്.
സംഗീതനാടക അക്കാഡമി, ഫോക്‌ലോർ അക്കാഡമി എന്നിവയുടെ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സാവൂൾ എന്ന നാടകം പുസ്‌തകമായി പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിവരികയാണ്. ജാക്വിലിനാണ് ഭാര്യ. ഷാൽബി, ഷർമി എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |