തിരുവനന്തപുരം- കാസർകോട് സിൽവർലൈനിനും അതിന്റെ ബദലായി മെട്രോമാൻ ഇ.ശ്രീധരൻ തയ്യാറാക്കിയ പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകുന്നില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോവുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് കാർഡിൽ, റെയിൽവേയിൽ നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ തുടർ നടപടികളുമായി മുന്നോട്ടുപോവുമെന്ന് വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായി പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും പദ്ധതി റിപ്പോർട്ട് റെയിൽവേ ബോർഡിൽ അവലോകന ഘട്ടത്തിലാണെന്നും റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും പ്രോഗ്രസ് കാർഡ് വ്യക്തമാക്കുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച സിൽവർലൈനിന് പകരം ഇ. ശ്രീധരൻ മുന്നോട്ടുവച്ച സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയിലും കേന്ദ്രം താത്പര്യം കാട്ടുന്നില്ല. മാത്രമല്ല, ഹൈസ്പീഡ് പദ്ധതിയാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. സിൽവർലൈൻ ബ്രോഡ്ഗേജിൽ നടപ്പാക്കണമെന്ന ആവശ്യത്തിൽ റെയിൽവേ ഉറച്ചുനിൽക്കുന്നു. അതുകൊണ്ടാണ് സ്റ്റാൻഡേഡ് ഗേജിൽ തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും വേഗപാത നിർമിക്കാമെന്ന ഇ.ശ്രീധരന്റെ നിർദേശം റെയിൽവേ തള്ളുന്നത്. സിൽവർ ലൈനിന് റെയിൽവേ ഭൂമി പൂർണമായി ഒഴിവാക്കി അലൈൻമെന്റ് പരിഷ്കരിക്കാമെന്ന് കെ-റെയിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ മുതൽ വടക്കോട്ടാണു റെയിൽവേ ഭൂമി ഉപയോഗിക്കേണ്ടി വരുന്നത്. റെയിൽവേയുടെ 185 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് വേണ്ടിവരിക. അലൈൻമെന്റ് മാറ്റത്തെക്കുറിച്ചും റെയിൽവേ പ്രതികരിച്ചിട്ടില്ല.
അതേസമയം, തിരഞ്ഞെടുപ്പിന് മുൻപ് സിൽവർ ലൈനിന് അനുമതി നേടിയെടുക്കാൻ സർക്കാർ ഡൽഹിയിൽ ശ്രമം തുടരുകയാണ്. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ട്. വന്ദേഭാരത് വന്നതോടെ അതിവേഗ റെയിൽയാത്രയ്ക്ക് പ്രിയമേറിയതും കേരളത്തിന്റെ വികസനത്തിന് വേഗറെയിൽ ആവശ്യമാണെന്നതും അനുകൂല ഘടകങ്ങളാണ്. ഭൂമിയേറ്റെടുപ്പിൽ ജനങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ കൂടുതൽ ദൂരം തൂണുകൾക്ക് മുകളിലൂടെയാക്കാനും സർക്കാർ തയ്യാറാണ്.
ശ്രീധരന്റെ ബദൽ
ഇരുപത് മിനിറ്റിടവിട്ട് തിരുവനന്തപുരം- കാസർകോട് റൂട്ടിൽ 200കിലോമീറ്റർ വേഗമുള്ള ട്രെയിനുകളോടിക്കാനുള്ളതായിരുന്നു സിൽവർ ലൈൻ. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നൽകിയില്ല. ഭൂമിയേറ്റെടുപ്പ് കുറച്ച് തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂർ ബദൽപാത. സിൽവർ ലൈനിന്റേതു പോലെ സ്റ്റാൻഡേർഡ് ഗേജിൽ 200കിലോമീറ്റർ വേഗത്തിലാണിതും. 30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സിൽവർ ലൈനിലിത് 50കിലോ മീറ്ററായിരുന്നു. ഈ ബദൽ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലേറെ ചെലവുണ്ടാവും. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള 'സ്റ്റാൻഡ് എലോൺ പാത'യാണ് ഇ. ശ്രീധരന്റെ ബദൽ. ഇതു സംസ്ഥാന സർക്കാരിന്റെ സിൽവർലൈനുമായി യോജിക്കുന്നതാണ്.
പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.
എന്നാൽ പാത ബ്രോഡ് ഗേജാക്കണം, ഓരോ 50 കിലോമീറ്ററിലും നിലവിലെ റെയിൽപാതയുമായി ബന്ധിപ്പിക്കണം, ചരക്കു ട്രെയിനും ഓടിക്കാനാകണം, വേഗം 160 കിലോമീറ്റർ മതി തുടങ്ങിയവയായിരുന്നു ഡി.പി.ആറിൽ ദക്ഷിണ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ. ശ്രീധരൻ സമർപ്പിച്ച പദ്ധതി നിർദേശം കെ. റെയിലിനും ദക്ഷിണ റെയിൽവേയ്ക്കും കൈമാറിയെന്നല്ലാതെ റെയിൽവേ മന്ത്രാലയം ഒരു നടപടിയുമെടുത്തിട്ടില്ല.
മയപ്പെടുമെന്ന് പ്രതീക്ഷ
രാഷ്ട്രീയ സമവായത്തിലൂടെ സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് സംസ്ഥാന സർക്കാർ തേടുന്നത്. മുൻ റെയിൽവേ മന്ത്രിയും കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രിയുമായ പീയുഷ് ഗോയൽ, സിൽവർലൈൻ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത് രാഷ്ട്രീയ തീരുമാനം വരുമെന്നതിന്റെ സൂചനയാണെന്ന് സർക്കാർ വിലയിരുത്തുന്നു. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണിയടക്കം ഒഴിവാക്കാനാണ് റെയിൽപ്പാത കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നു പോവുന്നതാക്കുന്നത്. സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്നുമാറ്റി, സാധാരണ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിലാക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതിലൂടെ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാം. ബുള്ളറ്റ്ട്രെയിൻ ട്രാക്കൊഴികെയുള്ളതെല്ലാം ബ്രോഡ്‌ഗേജിലാവണമെന്ന് റെയിൽവേ നയം
പദ്ധതി മരവിപ്പിൽ
ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് സിൽവർലൈൻ പദ്ധതി താത്കാലികമായി മരവിച്ചിരിക്കുകയാണ്. സ്വകാര്യഭൂമിയിലെ മഞ്ഞക്കുറ്റിയിടൽ തടഞ്ഞതിന് ആയിരത്തിലേറെപേർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചിട്ടില്ല. 11 ജില്ലകളിൽ 6737 മഞ്ഞക്കുറ്റിയാണ് സ്ഥാപിച്ചത്. തടഞ്ഞവർക്കെതിരേ 250ലേറെ കേസുകളുണ്ട്. കേസുകൾ പിൻവലിച്ചിരുന്നെങ്കിൽ ജനങ്ങൾക്ക് ആശ്വാസമാവുമായിരുന്നെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുപോലും സർക്കാർ വഴങ്ങിയിട്ടില്ല. കേസുകൾ പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. കല്ലിട്ട ഭൂമിയുടെ ക്രയവിക്രയം സാദ്ധ്യമാവാത്തതും ബാങ്കുകൾ വായ്പ നൽകാത്തതും നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കാത്തതും ജനങ്ങളെ വലയ്ക്കുന്നു. പദ്ധതിക്ക് അനുമതി നേടിയെടുക്കാനാണ് സർക്കാർ ശ്രമം. പൊതുമുതൽ നശിപ്പിച്ചതിന് പുറമേ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു, കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരായ കേസുകൾ. അങ്കമാലിയിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേർക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. 5000 മുതൽ 10,000വരെ പിഴയടയ്ക്കാൻ നിരവധി പേർക്ക് നോട്ടീസ് ലഭിച്ചിരുന്നു. കല്ലിട്ട ഭൂമി വിൽക്കുകയോ ഈടുവച്ച് വായ്പയെടുക്കുകയോ അനന്തരാവകാശികൾക്ക് കൈമാറുകയോ ചെയ്യുന്നതിൽ തടസമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഒരുതരം ക്രയവിക്രയവും നടത്താനാവുന്നില്ല. സർവേ നടത്തിയെന്ന കാരണത്താൽ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകൾക്കും സംഘങ്ങൾക്കും സഹകരണ രജിസ്ട്രാർ നിർദ്ദേശം നൽകി. ദേശസാത്കൃത ബാങ്കുകൾക്ക് ഇത്തരം നിർദ്ദേശം ബാങ്കേഴ്സ് സമിതിയിൽ നിന്ന് ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറങ്ങുംവരെ ഭൂമിയിൽ നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകാനിടയില്ല. വിജ്ഞാപനം ഭൂമിയേറ്റെടുക്കലിനല്ലായിരുന്നെന്നും സർവേയ്ക്കാണെന്നും പറഞ്ഞ് കൈകഴുകുകയാണ് സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |