കൊച്ചി: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ കപ്പലിലെ എണ്ണകളും രാസവസ്‌തുക്കളും മത്സ്യസമ്പത്തിന് ഭീഷണിയാകുന്നതും 20 നോട്ടിക്കൽ മൈൽ മേഖലയിൽ മീൻപിടിത്തം നിരോധിച്ചതും നേരത്തെയെത്തിയ കാലവർഷവും മത്സ്യമേഖലയെ ആശങ്കയിലാക്കി. മീൻപിടിത്തം മുടങ്ങുന്ന തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
മുങ്ങിയ കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 13ൽ രാസവസ്‌തുക്കളും എണ്ണയുമാണെന്നാണ് സൂചന. ഇവ കടലിൽ പരന്നാലുണ്ടാകുന്ന ഭീഷണി ചെറുതല്ല. എന്തൊക്കെ രാസവസ്‌തുക്കളാണ് കണ്ടെയ്‌നറിലുള്ളതെന്നും വ്യക്തമല്ല. ഇവ പരക്കുന്നത് തടയാനുള്ള നടപടി കോസ്റ്റ് ഗാർഡ് ആരംഭിച്ചെങ്കിലും അവ്യക്തത തുടരുകയാണ്. ഇവ കടലിന്റെ മേൽത്തട്ടിൽ പടർന്നാൽ മത്സ്യസമ്പത്തിനെയും കടലിന്റെ ജൈവ വൈവിദ്ധ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന ഭീതിയിലാണ് മീൻപിടിത്ത തൊഴിലാളികൾ.
കടലിൽ വീണ ചരക്ക് കണ്ടെയ്‌നറുകൾ തീരത്തേയ്ക്ക് ഒഴുകിവരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് തീരദേശത്ത് അടിഞ്ഞാലുണ്ടാകാവുന്ന അപകടസാദ്ധ്യത തീരവാസികളെ ആശങ്കയിലാക്കുന്നു. ബോട്ടുകളിലോ വള്ളങ്ങളിലോ കണ്ടെയ്‌നറുകൾ ഇടിച്ച് അപകടത്തിനും സാദ്ധ്യതയുണ്ട്.
മത്തിക്ക് വിനയാകുമോ
2012 മുതൽ കേരളത്തിലെ മത്സ്യബന്ധന സമൂഹത്തെ തകർക്കുന്ന രീതിയിൽ ജനപ്രിയ മത്സ്യമായ മത്തി അപ്രത്യക്ഷമായിരുന്നു. ഈവർഷം കാലാവസ്ഥയിൽ വന്ന മാറ്റവുമായി ബന്ധപ്പെട്ട് ഏപ്രിൽ മുതൽ മഴ ആരംഭിക്കുകയും മത്തി തിരിച്ചുവരികയും ചെയ്തിരുന്നു. രണ്ടു വർഷമായി ലഭിക്കുന്ന മത്തി തീരെ ചെറുതായി പോയതും പ്രതിസന്ധിയായിരുന്നു.
അനുകൂലമായ തീരദേശ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്തിക്ക് വലിപ്പം വരുകയും മത്സ്യമേഖല വളരുകയും ചെയ്യുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. മത്തിയുടെ നാശത്തിനുൾപ്പെടെ കാരണമായാൽ മത്സ്യമേഖല വീണ്ടും പ്രതിസന്ധിയിലാക്കും.
സമഗ്രമായി അന്വേഷിക്കണം
സംഭവത്തെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. 2018ലെ എൻറിക്ക ലെക്‌സിക് ശേഷം കപ്പൽ അപകടങ്ങളും മത്സ്യബന്ധന നിരോധനവും സംഭവിച്ചിട്ടുണ്ട്. അനുകൂലമായ കാലാവസ്ഥ ഒത്തുവന്ന സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയത്. ഇത് വിപണിയെ ബാധിക്കുകയും മത്സ്യബന്ധന നിരോധനം ഉൾപ്പെടെ നിയന്ത്രണങ്ങൾ വരികയും ചെയ്യുകയാണ്. ഇത് കണക്കിലെടുത്ത് കപ്പൽ കമ്പനിയോ സർക്കാരോ അടിയന്തരമായ നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികൾക്ക് നൽകണം.
''അപകടശേഷമുള്ള സ്ഥിതി അടിയന്തരമായി പരിശോധിക്കണം. മേഖലയെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള പ്രായോഗികനടപടികൾ സ്വീകരിക്കണം.
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |