ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്
സ്ഥാനാർത്ഥി നിർണയം കടുകട്ടി
തിരുവനന്തപുരം: ചുരുങ്ങിയ കാലയളവു നൽകി പൊടുന്നനേ പ്രഖ്യാപിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ആസന്നമായ തിരഞ്ഞെടുപ്പുകളുടെ മാർഗരേഖയാവും.
ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ആകെയുള്ളത് 25 ദിവസങ്ങൾ. ജൂൺ 19നാണ് വോട്ടെടുപ്പ്. ആറു മാസത്തിനുള്ളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും ഒൻപതു മാസത്തിനുള്ളിൽ നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പിനും ഇതു വഴികാട്ടിയാവും.
അതിനാൽ ഫൈനൽ പോരാട്ടത്തിന്റെ അടിത്തറയൊരുക്കലായാണ് നിലമ്പൂരിന്റെ വിധിയെ കാണുന്നത്. ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തിൽ എടുക്കുന്നില്ല എന്നാണ് ഭാവം. പക്ഷേ, എൽ.ഡി.എഫിനും യു.ഡി.എഫിനും ഇത് അഗ്നിപരീക്ഷതന്നെ. ഇടതുപക്ഷവുമായി അടിച്ചുപിരിഞ്ഞ പി.വി.അൻവറിനോട് കണക്കുതീർക്കാനുള്ള ഊഴംകൂടിയാണ് സി.പി.എമ്മിന്. തിരിച്ചും അങ്ങനെതന്നെ.
തുടർച്ചയായി രണ്ടു ഭരണത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട യു.ഡി.എഫിന് എങ്ങനെയും തിരിച്ചുവന്നേപറ്റൂ. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിൽ മുമ്പെങ്ങുമില്ലാത്ത വിധം ഐക്യം ബലപ്പെട്ടുവെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കെ.പി.സി.സിക്ക് പുതിയ നേതൃത്വവും വന്നു. അധികാരമില്ലായ്മയുടെ ക്ഷീണം ഘടകകക്ഷികളെ വല്ലാതെ ഉലച്ചിട്ടുണ്ട്. അതിനാൽ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയങ്ങൾക്കപ്പുറം ഉന്നതമായ ഒരു മാനം ഇതിനുണ്ട്. നിലമ്പൂർ പിടിച്ചെടുക്കാനായാൽ മുന്നോട്ടുള്ള കുതിപ്പിന്റെ ആവേഗം കൂടും. കോൺഗ്രസിന്റെയും മുന്നണിയുടെയും കെട്ടുറപ്പ് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമാവും.
ഇടതുമുന്നണിയാവട്ടെ, പിണറായി വിജയനെ മുൻനിറുത്തിയുള്ള ഭരണത്തുടർച്ചയുടെ ആത്മവിശ്വാസത്തിലാണ്. അതാണ് അണികൾക്ക് ബലമേകുന്നത്. ഇത് ചീട്ടുകൊട്ടാരംപോലെ തകർന്നുപോകും എന്നാണ് എതിരാളികളുടെ കണക്കുകൂട്ടൽ. പക്ഷേ, നിലമ്പൂർ നിലനിറുത്താനായാൽ വീണ്ടും ഭരണത്തുടർച്ചയെന്ന അസാധാരണ സ്വപ്നത്തിലേക്കാണ് ഇടതു വാതായനം തുറക്കുക. അനുകൂല വിധിവന്നാൽ എൽ.ഡി.എഫിന് വർദ്ധിത വീര്യത്തോടെ ചിറകുവീശി പറക്കാം. സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ വിപുലമായി നടത്തിയത് ഫലം ചെയ്തോ എന്നതിന്റെ വിലയിരുത്തലുമാവും അത്. ഒപ്പം നടന്നിട്ട്, പാലംവലിച്ച അൻവറിന് ചുട്ട മറുപടിയുമാവും.
വെല്ലുവിളികൾ ഇരു മുന്നണികൾക്കും
1. യു.ഡി.എഫ്
സ്ഥാനാർത്ഥി ആരെന്നത് യു.ഡി.എഫിനെ സംബന്ധിച്ച് നിർണായകമാവും. പുറമെ അവകാശ വാദങ്ങളൊന്നും ഉയർന്നിട്ടില്ലെങ്കിലും ആര്യാടൻ ഷൗക്കത്തും വി.എസ്.ജോയിയും സ്ഥാനാർത്ഥി മോഹവുമായി രംഗത്തുണ്ട്. ഒരിക്കൽ ഇവിടെ മത്സരിച്ച് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് ഒരുവട്ടംകൂടി ആഗ്രഹിച്ചാൽ തെറ്റുപറയാനാവില്ല. യു.ഡി.എഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് ആവർത്തിക്കുന്ന അൻവറിന്റെ മനസിൽ ജോയിയുണ്ട്. പിണക്കാതെയും വഴങ്ങാതെയും അൻവറിനെ കൂടെ നിറുത്തുക എന്ന വെല്ലുവിളിയും യു.ഡി.എഫ് നേരിടുന്നുണ്ട്.
2. എൽ.ഡി.എഫ്
അങ്ങോളമിങ്ങോളം ആഘോഷമാക്കി പ്രചാരണം നൽകിയ ദേശീയപാത പൊട്ടിപ്പിളർന്നതിന്റെ ഒരു ഭാഗം മലപ്പുറത്താണ്. അത് ഉപതിരഞ്ഞെടുപ്പിനെ എങ്ങനെയാവും ബാധിക്കുക? അതിനേക്കാൾ പ്രശ്നമാകുന്നത് വന്യജീവികളുടെ ആക്രമണത്തിൽ പൊറുതികെട്ട നാട്ടുകാരുടെ പ്രതിഷേധമാണ്. ചാവേർ പരിവേഷത്തോടെ അൻവർ നിൽക്കുന്നതും ഇടതുപക്ഷത്തിന് കീറാമുട്ടിയാണ്. യു.ഡി.എഫിലെ തമ്മിലടി നോക്കി സ്ഥാനാർത്ഥിയെ ഇറക്കുന്ന പാലക്കാടൻ തന്ത്രം ഇവിടെ ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ആര്യാടൻ മുഹമ്മദിന് ആവർത്തിച്ച് വിജയം സമ്മാനിച്ചിട്ടുള്ള നിലമ്പൂർ പൊതുവേ വലതുപക്ഷ മണ്ഡലവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |