
കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ച് ആരാണ് ചർച്ച നടത്തുന്നതെന്നും ഞങ്ങളെയോർത്ത് ആരും കരയേണ്ടെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'ദുബായിൽ പിതാവിന്റെ സുഹൃത്ത് ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തെ സന്ദർശിക്കാൻ കുടുംബവുമായി പോയതിനാൽ സിപിഎമ്മിന്റെ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേരള കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണ്. നിലപാട് ഉറച്ചതാണ്. അങ്ങോട്ടോ ഇങ്ങോട്ട് മാറിയോ എന്ന ചർച്ചകൾക്ക് പ്രസക്തിയില്ല.
എല്ലാ മുന്നണി യോഗങ്ങൾക്കും ഞാൻ പങ്കെടുത്തിട്ടില്ല. പകരം പ്രതിനിധികളുണ്ടായിരുന്നു. ചർച്ചകൾ നടത്തേണ്ട ആവശ്യമില്ല. മുന്നണിയിലേയ്ക്ക് വരണം എന്ന് പലരും പറയുന്നുണ്ട്. ഞങ്ങൾക്ക് അതിനുള്ള പ്രാധാന്യം ഉള്ളതുകൊണ്ടാണ്. രാഷ്ട്രീയ സംവിധാനങ്ങളിൽ പലവിധ അഭിപ്രായങ്ങളുണ്ടാവും. എന്നാൽ അവസാന തീരുമാനം പാർട്ടിയുടേതായിരിക്കും'- ജോസ് കെ മാണി വ്യക്തമാക്കി. പത്രസമ്മേളനം വിളിച്ച സാഹചര്യത്തിൽ ജോസ് കെ മാണിയെ മന്ത്രി വി എൻ വാസവൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
യുഡിഎഫിലേക്ക് തിരികെ വരാൻ എഐസിസി മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ജോസ് കെ മാണിയെ വിളിച്ച് അഭ്യർത്ഥിച്ചതായുള്ള വാർത്തകളാണ് മുന്നണിമാറ്റ ചർച്ചകൾ ശക്തമാക്കിയത്. പാലാ ഉൾപ്പെടെയുള്ള തങ്ങളുടെ പഴയ സീറ്റുകൾ തിരികെ വേണമെന്ന ഉപാധി ജോസ് കെ മാണി മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായൺ എംഎൽഎയും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങൾ ഇടതുപക്ഷത്ത് തന്നെ തുടരുമെന്നാണ് ഇരുവരും ഫേസ്ബുക്കിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |