തൃശൂർ : കാലവർഷം കനത്തതോടെ മരങ്ങൾ വീണും മിന്നൽച്ചുഴലിയിലും മേൽക്കൂരകൾ തകർന്ന് വീടുകൾക്കും സ്ഥാപനങ്ങൾക്കും വ്യാപകനാശം. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കോരിച്ചൊരിയുന്ന മഴയിൽ ജനം ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. നിർമ്മാണം നടക്കുന്ന ദേശീയ പാതയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായി. ചെറുതുരുത്തിയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ട്രാക്കിലെ വൈദ്യുതി ലൈനിലേക്ക് മരച്ചില്ലകൾ വീണ് ഗതാഗതം മുടങ്ങി. കൊടുങ്ങല്ലൂർ അഴീക്കോടും കൂളിമുട്ടത്തും അരിമ്പൂരിലും ഉണ്ടായ മിന്നലിൽച്ചുഴലിയാണ് വ്യാപക നാശം വിതച്ചത്. അരിമ്പൂരിൽ പമ്പ് ഹൗസ് തകർന്നു. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. പഴയന്നൂരിൽ മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പു തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. നഗരത്തിൽ ശക്തമായ മഴയിൽ ജനം ദുരിതത്തിലായി. കണിമംഗലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് തട്ടിൽ ജോയിയുടെ വീട് തകർന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
മിന്നൽച്ചുഴലിയിൽ തകർന്ന് പമ്പ് ഹൗസ്
അരിമ്പൂർ: വീശീയടിച്ച മിന്നൽച്ചുഴലിയിൽ അരിമ്പൂർ തോട്ടുപുര പാടശേഖരത്തിലെ പമ്പ് ഹൗസ് തകർന്നു. നൂറേക്കർ വരുന്ന പാടശേഖരത്തിലെ മോട്ടോർ പുരയുടെ മേൽക്കൂരയാണ് പറന്നുപോയത്. ട്രസ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ശക്തമായ കാറ്റിലും മഴയിലുംപെട്ട് മേൽക്കൂരയിലെ ആസ്ബറ്റോസ് ഇളകിത്തെറിച്ചു. ഇരുമ്പ് ഫ്രെയിമുകൾ ഭിത്തിയിൽ നിന്ന് അടർന്നു മാറി വീഴുന്ന നിലയിലായിരുന്നു. പുരയോട് ചേർന്നുള്ള മൂന്ന് വാർപ്പ് തൂണുകളും നിലം പൊത്തി. തൂണുകൾ മോട്ടോർ പുരയ്ക്കകത്തെ സബ്‌മേഴ്‌സിബിൾ പമ്പിന്റെ മുകളിൽ പതിച്ചു. വെളുത്തൂരിൽ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റും നിലംപൊത്തി. അന്തിക്കാട് പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കാറ്റിന്റെ താണ്ഡവം, വീടുകൾ തകർന്നു
കൊടുങ്ങല്ലൂർ : കനത്ത കാറ്റിലും മഴയിലും അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ഒൻപതോളം വ്യാപാര സ്ഥാപനങ്ങൾ തകർന്നു. ചീനവല നശിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമുണ്ടായ ശക്തമായ കാറ്റിലായിരുന്നു നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും കൂളിമുട്ടത്ത് രണ്ട് വീടുകൾ തകർന്നു. കുളിമുട്ടം പൊക്ലായി ഹെൽത്ത് സെന്ററിന് പടിഞ്ഞാറ് താമസിക്കുന്ന പണിക്കപ്പറമ്പ് അയ്യപ്പൻകുട്ടി മകൻ ഷാജിയുടെ ഓടുമേഞ്ഞ വീടും കുളിമുട്ടം ഊമത്തറ കാട്ടുങ്ങൽ ശങ്കൂട്ടി ഭാര്യ കോമളയുടെ ഓടുമേഞ്ഞ വീടുമാണ് തകർന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടുകൾ തകർന്നുവീണത്.
മുനയ്ക്കൽ ബീച്ചിൽ കച്ചവടം നടത്തുന്ന മുനയ്ക്കൽ അബ്ദുൽ കരീം, ഊർക്കോലിൽ പുഷ്പ, തേങ്ങാക്കൂട്ടിൽ സുഹറ, പുന്നിലത്ത് സാദിഖ്, മരത്താത്തറ ജമീല, പരുത്തിയേഴത്ത് മുഹമ്മദ്, മുനയ്ക്കൽ സജന റഫീഖ്, കൊട്ടിക്കൽ നിയാസ്, എടമുട്ടത്ത് നിയാസ് എന്നിവരുടെ കച്ചവട സ്ഥാപനങ്ങളുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു. ഇവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡും നിലം പതിച്ചു. മുനയ്ക്കൽ ബീച്ചിൽ അഴീക്കോട് സ്വദേശി മഠത്തിപറമ്പിൽ ചന്ദ്രന്റെ ചീനവല തകർന്നു വീണു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി
തൃശൂർ : ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുൻകരുതൽ നടപടിയുടെ ഭാഗമായി അങ്കണവാടികൾ,കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസ്സകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |