തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യും. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കളക്ടർമാർ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എയുടെ നേതൃത്വത്തിൽ സമ്പൂർണ ശുചീകരണം നടത്താൻ തീരുമാനിച്ചു. കുടിവെള്ളടാങ്ക്, കിണറുകൾ, ജലസ്രോതസ്സുകൾ, അടുക്കള, പാത്രങ്ങൾ എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കും. പഠനസമയത്തിനു തടസമുണ്ടാക്കി പി.ടി.എ, മറ്റു യോഗങ്ങൾ പാടില്ല.
ദുരിതാശ്വാസ ക്യാമ്പുകളായ സ്‌കൂളുകളിലെ ടോയ്‌ലറ്റുകൾ പ്രത്യേക പരിഗണ നനൽകി ശുചീകരിക്കും. സ്‌കൂൾ ദുരന്ത നിവാരണ പ്ലാൻ തയ്യാറാക്കും.
സ്‌കൂൾബസിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് എന്നിവ മോട്ടോർ വാഹനവകുപ്പ് ഉറപ്പാക്കണം. വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. പട്ടികവർഗ്ഗ കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാൻ പദ്ധതി ആവിഷ്‌കരിക്കും.
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്
സ്‌കൂളിന് ചുറ്റുമുള്ള കടകളിൽ ലഹരിപദാർത്ഥം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ലഹരിവിരുദ്ധ ബോധവത്കരണത്തിന് ജനജാഗ്രത സമിതികൾ രൂപീകരിക്കണം.
കുട്ടികൾ നിശ്ചിതസമയം കഴിഞ്ഞും ക്ളാസിലെത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിവരമറിയിക്കണം.
കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. കുറ്റിക്കാടുകൾ വെട്ടിമാറ്റണം. ഇഴജന്തുക്കളില്ലെന്ന് ഉറപ്പുവരുത്തണം.
സ്‌കൂൾ തുറക്കുന്നദിവസം സ്കൂളുകൾ രക്ഷിതാക്കളുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണം.
നിർമ്മാണം നടക്കുന്ന സ്‌കൂളുകൾ കുട്ടികളുടെ സുരക്ഷയ്‌ക്കായി പണിസ്ഥലം മറയ്‌ക്കണം.
സ്‌കൂളിന് മുന്നിലുള്ള പ്രചാരണസാമഗ്രികൾ, കൊടിതോരണം, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ നീക്കണം.
വിദ്യാലയങ്ങൾക്ക് സമീപം ട്രാഫിക് സൈൻബോർഡുകളും അപകട സാദ്ധ്യതാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.
സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിക്കണം.
ദുരന്തപ്രതികരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിശീലനം നൽകണം
വിദ്യാവാഹിനി പദ്ധതി ഉറപ്പുവരുത്തണം.
സ്‌കൂളിലേയ്ക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാവേലികളില്ലാത്ത ട്രാൻസ്‌ഫോർമറുകൾ എന്നിവയെക്കുറിച്ച് വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തണം.
ഉപയോഗശൂന്യമായ ഫർണീച്ചർ, ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യണം.
റോഡുകളിൽ കൃത്യമായ അകലത്തിൽ സ്പീഡ് ബ്രേക്കറുകളും ഹംബുകളും പൊലീസ് ഉറപ്പുവരുത്തണം.
റെയിൽ ക്രോസിന് സമീപം കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചുകടക്കാൻ സംവിധാനമൊരുക്കണം.
കെ.എസ്.ആർ.ടി.സി, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് സ്‌കൂൾതലയോഗങ്ങൾ ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |