തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിന് അത്യാവശ്യമായ കപ്പൽശാല നിർമ്മാണം
കടലാസിലൊതുങ്ങി. കേരളത്തിലടക്കം കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ നിർമ്മിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തുടർ നടപടികളില്ല.
രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ ഏറ്റവുമധികം ചരക്കു നീക്കം നടക്കുന്ന തുറമുഖങ്ങളിൽ മൂന്നു മാസമായി ഒന്നാമതാണ് വിഴിഞ്ഞം. റോഡ്-റെയിൽ കണക്ടിവിറ്റിയാവുന്നതോടെ കപ്പലുകളുടെ വരവ് കൂടും. കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം തുറമുഖത്തിനും അനിവാര്യമാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും കപ്പൽ ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചതോടെ, പൂവാറിൽ കപ്പൽശാലയ്ക്കായി കേരളം ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായി. കപ്പൽശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും ഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.
വിഴിഞ്ഞം തുറമുഖതതിന് 10കിലോമീറ്റർ സമീപത്തുള്ള പൂവാറാണ് കപ്പൽശാലയ്ക്ക് അനുയോജ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. തീരത്തു നിന്ന് അര കിലോമീറ്റർ ദൂരം വരെ 13മീറ്റർ സ്വാഭാവിക ആഴമുണ്ട്. അതിനുമപ്പുറം 30മീറ്റർ
വരെ ആഴമുണ്ട്. ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകൾ വഹിക്കാനാവുന്ന കൂറ്റൻ കപ്പലുകൾ പോലും നിർമ്മിക്കാൻ അനുയോജ്യം. ഒന്നര കിലോമീറ്റർ നീണ്ടതീരമുള്ള നൂറേക്കർ സ്ഥലവും റോഡ്, റെയിൽ, വൈദ്യുതി, വെള്ളം എന്നിവയും സംസ്ഥാനം നൽകിയാൽ കപ്പൽശാല നിർമ്മിക്കാമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് 2007ൽ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. കേന്ദ്രത്തിന്റെ മാരിടൈം അമൃത്കാൽ പദ്ധതിയിലുൾപ്പെടുത്തി കപ്പൽശാല നേടിയെടുക്കാനാണ് ഇനി ശ്രമിക്കേണ്ടത്.
റാഞ്ചാൻ
തൂത്തുക്കുടി
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ കപ്പൽശാല നിർമ്മിക്കാൻ കൊറിയൻ കമ്പനിയായ ഹ്യുണ്ടായി രംഗത്തുണ്ട്. ഇന്ത്യൻകമ്പനിയായ എൽ.ആൻഡ്.ടിയുമായി ചേർന്നാണ് നീക്കം. കപ്പൽനിർമ്മാണം, കപ്പൽഭാഗങ്ങളുടെ യോജിപ്പിക്കൽ, കപ്പലുകളുടെ രൂപമാറ്റം എന്നിവയ്ക്കായുള്ള വമ്പൻശാലയാണ് പരിഗണനയിൽ.
10 വർഷം,
1000 കപ്പൽ
അടുത്ത പത്തു വർഷത്തിനിടെ 1000കപ്പലുകൾ നിർമ്മിക്കാനാണ് ക്ലസ്റ്റർ പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിട്ടത്. 2047ൽ ചരക്കു ഗതാഗതച്ചെലവ് മൂന്നിലൊന്ന് കുറയ്ക്കാമെന്നും പ്രതിരോധരംഗത്തും മെച്ചമുണ്ടാവുമെന്നും വിലയിരുത്തലുണ്ട്.
വികസനത്തിനും
ഗുണകരം
നികുതിയിനത്തിലടക്കം സർക്കാരിന് നേട്ടം.
15,000ത്തോളം തൊഴിലവസരങ്ങൾ.
അനുബന്ധ വ്യവസായങ്ങൾക്കും മെച്ചം
₹1143കോടി
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |