പത്തനംതിട്ട : ഇന്ന് അതി തീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ജില്ല. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മലയോരമേഖലയിലേക്ക് രാത്രികാല യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള 60 ഇടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉൾപ്പടെ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ അവധി ദിനമായ ഇന്നലെയും മഴ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി. വേണ്ടിവന്നാൽ 230 ക്യാമ്പുകൾ വരെ ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങൾ കടപുഴകി വീടുകളുടെ മുകളിലേക്കും വൈദ്യുതി കമ്പികളിലേക്കും വീണു. കനത്ത കാറ്റിൽ വ്യാപക കൃഷിനാശം സംഭവിച്ചു.
നഗരത്തിൽ മുത്തൂറ്റ് ഹോസ്പിറ്റലിനു മുൻവശം, മേലെ വെട്ടിപ്പുറം, കൊടുന്തറ എന്നിവിടങ്ങളിലും പ്രമാടം വായന ശാല ജംഗ്ഷൻ, ഓമല്ലൂർ, തട്ട, സീതത്തോട്, വടശേരിക്കര, ചിറ്റാർ റോഡിൽ കാരികയം ഭാഗം എന്നിവിടങ്ങളിൽ വൻ മരങ്ങൾ കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടത് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഒടിഞ്ഞ പോസ്റ്റുകളും പൊട്ടിയ വൈദ്യുതി കമ്പികളും മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. കാർഷിക മേഖലയിലും കനത്ത നാശമാണ് സംഭിച്ചിട്ടുള്ളത്. ജില്ലയുടെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലുമുള്ള കൃഷിയിടങ്ങളിൽ കാറ്റ് ഒരുപോലെ നാശനഷ്ടം ഉണ്ടാക്കി. ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തീവ്രമഴയുടെ പശ്ചാത്തലത്തിൽ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻസെന്ററുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
ഇന്ന് അതിതീവ്ര മഴ;
ജില്ലയിൽ കനത്ത ജാഗ്രത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |