വിജയത്തിന് പിതാക്കൾ ഏറെയുണ്ടാവും. പക്ഷേ, പരാജയം അനാഥനാണ്!- 2004- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട യു.ഡി.എഫിന്റെ വിജയം ഇരുപതിൽ ഒരു സീറ്റിൽ ഒതുങ്ങിയപ്പോൾ, അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി പറഞ്ഞ വാക്കുകളാണിത്. പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ആന്റണി അന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഡൽഹിയിലേക്ക് കളം മാറ്റി.
'സുഖത്തിലുണ്ടാം സഖിമാരനേകം, ദു:ഖം വരുമ്പോൾ പുനരാരുമില്ല" എന്ന അവസ്ഥയിലാണ് നിർമ്മാണം പൂർത്തിയാകും മുമ്പ് പലയിടത്തും ഇടിഞ്ഞുപൊളിഞ്ഞും വിണ്ടുകീറിയും യാത്രക്കാർക്ക് ഭീഷണിയുയർത്തുന്ന ദേശീയപാത 66-ന്റെ സ്ഥിതി. നാല് വർഷം തികച്ച രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന ഭരണ നേട്ടങ്ങളിലൊന്നായി ഉയർത്തിക്കാട്ടിയ പദ്ധതി. ദേശീയപാതാ അതോറിട്ടി നിർമ്മിച്ച പാതയെന്ന പേരിൽ പിതൃത്വം ഏറ്റെടുക്കാൻ ബി.ജെ.പിയും മത്സരിച്ചിരുന്നു. മഴയത്ത് പലയിടവും അടർന്നുവീണ് വിവാദമായതോടെ ദേശീയപാത അനാഥ ശിശുവായി. ദേശീയപാതയുടെ വിവിധ കോണുകളിൽ നിന്ന് റീലുകളെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ മത്സരിച്ച മന്ത്രിമാരും പിൻവലിഞ്ഞു. എല്ലാ കുറ്റവും ദേശീയപാതാ അതോറിട്ടിയുടെ ചുമലിലായി.
പക്ഷേ, ദേശീയപാത 66- നെ അങ്ങനെയങ്ങ് തള്ളിപ്പറയാൻ പിണറായി സർക്കാരിന് എങ്ങനെ കഴിയും? വലിയ വിലയ്ക്ക് സ്ഥലം ഏറ്റെടുത്തു കൊടുത്തതിനു പുറമെ, നിർമ്മാണച്ചെലവായി 5600 കോടി മുടക്കിയതും ഈ സർക്കാരല്ലേ? 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഈ ദേശീയ പാതയേ ഉണ്ടാകുമായിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി സഖാവ് പറയുന്നത്. ഉമ്മൻപാണ്ടി സർക്കാരിന്റെ
നിസ്സഹകരണത്തെ തുടർന്ന് ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനം കേന്ദ്ര സർക്കാർ പൂട്ടിക്കെട്ടിയതാണ്. തുടർന്ന് ഭരണത്തിൽ വന്ന ഇടതു സർക്കാരാണ് കേന്ദ്രത്തെക്കൊണ്ട് ആ പൂട്ടു തുറപ്പിച്ച് പാത യാഥാർത്ഥ്യമാക്കിയത്. എന്നിട്ടും, സ്ഥലം ഏറ്റെടുക്കലിനെതിരെ 'വയൽക്കിളി" സമരം ഉൾപ്പെടെ എന്തെല്ലാം പൊല്ലാപ്പുകൾ പ്രതിപക്ഷം ഒപ്പിച്ചു.
പലരും അസാദ്ധ്യമെന്നു തന്നെ കരുതിയ പാത കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണെന്ന് തലയുയർത്തി പറയും. ഒന്നോ രണ്ടോ സ്ഥലത്ത് പ്രശ്നമുണ്ടായെന്നു കരുതി ദേശീയപാതയാകെ പൊളിഞ്ഞു പോകുമെന്ന് കരുതരുതെന്നാണ് മുഖ്യന്റെ ഓർമ്മപ്പെടുത്തൽ. പാത പൊളിഞ്ഞതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ല. പാത നിർമാണത്തിന്റെ 'അ മുതൽ ക്ഷ" വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തത് ദേശീയ പാതാ അതോറിട്ടിയാണ്.
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗം വിളിച്ചപ്പോൾ 45 മീറ്ററെങ്കിലും വീതി വേണമെന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ, ഭൂമി ഏറ്റെടുക്കരുതെന്നു പറഞ്ഞവർക്കൊപ്പമാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ നിന്നത്. ആ സർക്കാർ കാണിച്ച കെടുകാര്യസഥതയ്ക്ക് കേരളം പിന്നീട് പിഴ മൂളേണ്ടി
വന്നുവെന്നും പിണറായി സഖാവ് ഉറപ്പിച്ചു പറയുന്നു. 5600 കോടി രൂപ നൽകേണ്ടി വന്നതാണ് ആ പിഴ. രണ്ടാം പിണറായി സർക്കാരിന്റെ നാലു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രധാന നേട്ടമായി ദേശീയ പാതാ വികസനം ചേർക്കുകയും ചെയ്തു.
'മായാവി" സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെപ്പോലെ, ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ കഴിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ പരസ്യം നൽകും. റീൽസ് തയ്യാറാക്കും. അത് ഷെയർ ചെയ്യും. സർക്കാരിനെ അടിക്കാൻ 'ഇതാ വടി കിട്ടിപ്പോയി" എന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മാദ്ധ്യമങ്ങൾ സഹായിച്ചില്ലെങ്കിൽ സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങൾ വഴി സ്വയം മാദ്ധ്യമ പ്രവർത്തകരായി മാറുമെന്നാണ് മന്ത്രി റിയാസിന്റെ ഭീഷണി. മാദ്ധ്യമ പ്രവർത്തകർ ജാഗ്രതൈ!
ദേശീയ പാതയിൽ 50 സ്ഥലത്തെങ്കിലും വിള്ളൽ വീണിട്ടുണ്ടെന്നു പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, അവിടെയെല്ലാം പോയി തന്നോടൊപ്പം നിന്ന് റീലെടുക്കാൻ മന്ത്രി റിയാസിനെ വെല്ലുവിളിക്കുന്നു. ക്രെഡിറ്റ് എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് നാലാം വാർഷികത്തിൽ ദേശീയ പാത പൊളിഞ്ഞുവീണത്. ഗെയ്ൽ പൈപ്പ്ലൈൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങുമ്പോൾ, ഭൂമിക്കടിയിൽ ഒളിപ്പിച്ചുവച്ച ബോംബാണെന്നു പറഞ്ഞ് സമരം ചെയ്ത ഒരാൾ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഉണ്ടെന്നാണ് സതീശന്റെ കണ്ടുപിടിത്തം. അതാരാണെന്ന് തത്കാലം പറയില്ല. വീടുകളിൽ ഗ്യാസ് കൊടുത്തെന്നാണ് ആ മന്ത്രി ഇപ്പോൾ പറയുന്നത്. ഇങ്ങനെയൊക്കെ ക്രെഡിറ്റ് എടുക്കാമോ എന്ന സതീശന്റെ ചോദ്യത്തിന് ഉത്തരമില്ല.
ദേശീയപാതയുടെ ദിശ നിർണയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടതാണ് പ്രശ്നം സൃഷ്ടിച്ചതെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആരോപണം. പക്ഷേ, ഇത് തികഞ്ഞ അസംബന്ധമാണെന്നത്രെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ വാദം. ഇലക്ടറൽ ബോണ്ട് ഇനത്തിൽ ബി.ജെ.പിക്ക് 980 കോടി നൽകിയ കമ്പനിക്കും നിർമ്മാണ കരാർ ലഭിച്ചെന്നാണ് മാഷിന്റെ തിരിച്ചടി. പാതയുടെ നിർമ്മാണ ഘട്ടത്തിൽത്തന്നെ ചില അപാകതകൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ ഗൗനിച്ചില്ലെന്ന് പ്രതിപക്ഷം. ഒന്ന് വ്യക്തം- എവിടെയോ, എന്തോ ചീഞ്ഞുനാറുന്നു! നിർമ്മാണപ്പിഴവിന്റെ പേരിൽ ഒരു കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയ പാത അതോറിട്ടിയുടെ നടപടിയെ ന്യായീകരിക്കുന്നതിൽ ബി.ജെ.പി, സി.പി.എം നേതാക്കൾക്ക് ഒരേ ശബ്ദമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരിഹാസം!
പത്താം വർഷത്തിലേക്കു കടക്കുന്ന പിണറായി സർക്കാരിന് എത്ര മാർക്ക് നൽകാം? മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ നൂറിൽ നൂറു മാർക്ക് നൽകിയതും, പ്രതിപക്ഷത്തിന്റെ കണക്കെടുപ്പിൽ അത് പൂജ്യം മാർക്കായിപ്പോയതും സ്വാഭാവികം. പക്ഷേ, ഗോവിന്ദൻ മാഷ് സ്വന്തം സർക്കാരിന് നൽകുന്നത് 90 മാർക്ക്. ജനങ്ങൾക്ക് മാർക്കിടാൻ അവസരം വരുന്നു. ആദ്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ്. അതു കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ്. എല്ലാം പത്താം വാർഷികത്തിൽ!കാണാൻ പോകുന്ന പൂരത്തിന്റെ വിശേഷങ്ങൾ ഇപ്പോഴേ പറഞ്ഞറിയിക്കേണ്ടതില്ല.
'മർമാണി കല്യാണം കഴിച്ചതു പോലെ" എന്നൊരു ചൊല്ലുണ്ട്. ശരീരത്തിൽ ഉടനീളം മർമങ്ങളാണ്. ഭാര്യയുടെ ശരീരത്തിൽ തൊടാൻ പേടി. അതുപോലുള്ള ധർമ്മസങ്കടത്തിലാണ് ഡി.സി.സി പുന:സംഘടനയുടെ കാര്യത്തിൽ പാർട്ടി നേതൃത്വം എന്നു കേൾക്കുന്നു. നിലവിലുള്ളവരിൽ ആരെയൊക്ക സ്ഥാനത്തുനിന്ന് മാറ്റും?ആരെയൊക്ക പുതുതായി ഉൾപ്പെടുത്തും? തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വലിയ മാറ്റങ്ങൾ ഉടനെ വേണ്ടെന്നും, തത്കാലം ഒഴിവുകൾ നികത്തിയാൽ മതിയാവുമെന്നുമാണ് നേതൃയോഗത്തിലെ ധാരണ.
പക്ഷേ, ഹൈക്കമാൻഡ് വിടുന്ന മട്ടില്ല. ഒരു മാസത്തിനകം വേണമെന്നാണ് കല്പന. കെ.പി.സി.സി നേതൃയോഗം കഴിഞ്ഞപ്പോൾ, പുന:സംഘടന ഉണ്ടാകില്ലെന്ന് ചില മാദ്ധ്യമങ്ങൾ തീരുമാനിച്ചതിലാണ് വി.ഡി. സതീശന് അരിശം. കുറെ മാദ്ധ്യമങ്ങൾ സി.പി.എമ്മിന്റെ പിണിയാളുകളായി പ്രവർത്തിച്ച് കോൺഗ്രസിൽ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണത്രെ. ചില മാദ്ധ്യമ പ്രവർത്തകർക്ക് പിണറായി സർക്കാർ പരസ്യം മാത്രമല്ല, പണവും നൽകുന്നുവെന്നു വരെ സതീശൻ പറയുന്നു. ഇതിനോട് പ്രതികരിക്കാതെ മാദ്ധ്യമ പ്രവർത്തകർ നിസംഗരായി ഇരിക്കുന്നതിലാണ് മന്ത്രി എം.ബി. രാജേഷിന് അതിശയം.
നുറുങ്ങ്:
□ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പാത്രവുമായി തെരുവിൽ ഭിക്ഷ യാചിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. മറിയക്കുട്ടിക്ക് 12 ലക്ഷം രൂപ ചെലവിൽ വീട് വച്ച് നൽകിയത് കോൺഗ്രസ്.
■ പാത്രമറിഞ്ഞു വേണം ദാനം!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |