വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് നടത്തുന്ന അനിശ്ചിത കാല കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുന്നോടിയായി 27ന് വൈകിട്ട് മുതൽ 48 മണിക്കൂർ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
29ന് വൈകിട്ട് 4ന് സമാപിക്കുമ്പോൾ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രമുഖ സ്വതന്ത്ര കർഷക സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അനിശ്ചിത കാല സമരം ആരംഭിക്കുന്ന തിയതി പ്രഖ്യാപിക്കും. 48 മണിക്കൂർ ഉപവാസ സത്യാഗ്രഹം തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അദ്ധ്യക്ഷത വഹിക്കും. നാരായണ ഗുരുകുലത്തിലെ ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തും. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സത്യാഗ്രഹികളെ ഹാരമണിയിക്കും.
കർഷകസ്വരാജ് സത്യാഗ്രഹസമിതി നേതാക്കളായ ബേബി ചെമ്പരത്തി, പി.സി. രഘുനാഥൻ, ജിമ്മി ഇടപ്പാടി എന്നിവരാണ് 48 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. വിവിധ സംഘടനാ പ്രതിനിധികൾ അനുഭാവ സത്യഗ്രഹം നടത്തും. സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസമായ 28ന് വൈകിട്ട് 4ന് പൊതുസമ്മേളനം ഗ്രാമീണകേരളത്തിന്റെ അതിജീവനത്തിന് കർഷകരും ആദിവാസികളും ചെറുകിട വ്യാപാരികളും തൊഴിലാളികളും കൈകോർത്തു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യും. സി.ആർ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ വ്യാഴാഴ്ച വൈകിട്ട് 4 ന് ചേരുന്ന സമ്മേളനത്തിൽ കർഷക നേതാവ് പി.ടി. ജോൺ അദ്ധ്യക്ഷതവഹിക്കും. കർണാടകത്തിലെ പ്രമുഖ കർഷക സംഘടനാനേതാവായ ചുക്കി നഞ്ചുണ്ട സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ സത്യാഗ്രഹ സമിതി നേതാക്കളായ സണ്ണി പൈകട , ബേബി ചെമ്പരത്തി, ജോർജ്ജ് തോമസ്, ജിമ്മി ഇടപാടി, സാജൻ ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |