കൊല്ലം: പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആശ്രാമം മൈതാനത്ത് നടത്തി. 249 വാഹനങ്ങൾ പരിശോധിച്ചതിൽ സർവിസ് നടത്തുന്നതിന് അനുയോജ്യമായി കണ്ടെത്തിയ 160 വാഹനങ്ങൾക്ക് ‘ചെക്ക്ഡ് സ്ലിപ്പ്’ നൽകി.
വെഹിക്കൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് പ്രവർത്തനക്ഷമമാക്കാൻ 70 വാഹനങ്ങൾക്ക് നിർദേശം നൽകി. മറ്റ് യന്ത്രത്തകരാറുകൾ കണ്ടെത്തിയ 19 വാഹനങ്ങൾ പുനപരിശോധനയ്ക്കായി 28ന് രാവിലെ 8ന് ഹാജരാക്കാൻ അവസരം നൽകി. ജി.പി.എസ് സംവിധാനം ഇല്ലാത്തവ, നിലവാരമില്ലാത്ത സീറ്റുകൾ, ലൈറ്റ്, സ്പീഡ് ഗവർണർ ശരിയായി പ്രവർത്തിക്കാത്തവ, എമർജൻസി എക്‌സിറ്റിന് തടസം ഉണ്ടാക്കുന്ന കൈവരി, ബലക്ഷയമുള്ള പ്ലാറ്റ്‌ഫോം, ഹാൻഡ് ബ്രേക്ക് ശരിയായി പ്രവർത്തിക്കാത്ത വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസാണ് നിരസിച്ചത്. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർ, ആയമാർ എന്നിവർക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി.
സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രൈവർമാർക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എൻ.സി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഫിറ്റ്‌നസ് പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എസ്.ബിജു, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്രീകുമാർ, സൂരജ്, സുനിൽകുമാർ, കെ.ബിജു, ജി.എസ്.അനിൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാജേഷ്, കെ.ആർ.റെജി, വി.എസ്.സിമോദ്, അശോക് കുമാർ, സുജിത്ത്, ജോർജ്, ദിനൂപ്, സുജിത്ത് ജോർജ്, രമേശ്, രൂപേഷ്, ആർ.രാജേഷ്, സിബി തുടങ്ങിയവർ പങ്കെടുത്തു.
ക്യാമറയ്ക്ക് ഇനിയും സമയം
ഈ അദ്ധ്യയന വർഷം മുതൽ സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതരുടെ സൗകര്യം കൂടി പരിഗണിച്ച് ആഗസ്റ്റ് വരെ ക്യാമറകൾ സ്ഥാപിക്കാനായി സമയം നീട്ടി നൽകിയിട്ടുണ്ട്. ആഗസ്റ്റിന് ശേഷമുള്ള പരിശോധനകളിൽ മാത്രമേ ക്യാമറ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമാകൂ.
പാലിക്കേണ്ടവ
ജി.പി.എസ് സുരക്ഷാമിത്ര സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം
അഗ്നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കണം
ഹെൽപ്പ് ലൈൻ നമ്പരുകൾ എഴുതിയിരിക്കണം
വാഹനത്തിന്റെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം
സ്കൂൾ ആവശ്യങ്ങൾക്ക് മാത്രം സർവീസ്
ഡോർ അറ്റൻഡർമാർ വേണം
ഓൺ ഡ്യൂട്ടി ബോർഡ് പ്രദർശിപ്പിക്കണം.
ഫുട്ബോർഡിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്
വേഗപരിധി
50 കിലോമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |