മലപ്പുറം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ച് വലിയ അഭിമാന പോരാട്ടമാണ് നടക്കാനിരിക്കുന്നത്. പി.വി.അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. കഴിഞ്ഞ ഒൻപത് വർഷമായി വാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങുകയായിരുന്നു എൽ.ഡി.എഫ് സർക്കാരെന്നാണ് യു.ഡി.എഫ് പറയുന്നത്. കാലാവധി പൂർത്തിയാക്കാതെ പി.വി.അൻവർ നിലമ്പൂർ മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം രാജിവെച്ചത് ജനങ്ങളോട് കാണിച്ച വഞ്ചനയാണെന്ന് എൽ.ഡി.എഫും സാധാരണക്കാരന്റെ മേൽ കെട്ടിവച്ച തിരഞ്ഞെടുപ്പാണിതെന്ന് ബി.ജെ.പിയും പറയുന്നു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ ആര് വാഴും...ആർക്ക് അടിപതറുമെന്നതിനെ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മനസ് തുറക്കുന്നു...
നിലമ്പൂരിനെ കഴിഞ്ഞ ഒമ്പത് വർഷമായി വാഗ്ദാനം കൊണ്ട് മാത്രം മൂടുകയായിരുന്നു എൽ.ഡി.എഫ്. എൽ.ഡി.എഫ് സർക്കാർ വലിയ പരാജയമാണെന്നും മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും പി.വി.അൻവർ തന്നെ പറയുമ്പോൾ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കും. വന്യമൃഗ പ്രശ്നം കാരണം ഇവിടെയുള്ള ജനങ്ങൾക്ക് മനസമാധാനത്തോടെ രാത്രി കണ്ണടയ്ക്കാൻ പോലുമാവുന്നില്ല. പ്രളയ പുനരധിവാസവും എങ്ങുമെത്താതെ കിടക്കുകയാണ്. നിലമ്പൂരിലെ പ്രധാന വിഷയങ്ങളെ നേതൃപരമായി കൈകാര്യം ചെയ്യാൻ ജനപ്രതിനിധിയില്ല. അൻവർ എഫക്ട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിലമ്പൂർ ബൈപ്പാസ്, റെയിൽവേ, കർഷക പ്രശ്നം, വിലക്കയറ്റം ഇതിനെയൊന്നും കഴിഞ്ഞ ഒമ്പത് വർഷമായിട്ടും ഒരു സർക്കാരിന് പ്രതിനിധീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഇനിയെന്ന്. എത്ര കനത്ത മഴയാണെങ്കിലും ഐക്യ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാൻ ജനങ്ങൾ എത്തും.
തോണിയിൽ സുരേഷ്, ചാലിയാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
കാലാവധി പൂർത്തിയാക്കാതെ പി.വി.അൻവർ നിലമ്പൂർ മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം രാജിവച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഇത് സാധാരണക്കാരിലടക്കം അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രളയം കവളപ്പാറയെ ദുഖഃത്തിലാഴ്ത്തിയപ്പോൾ വീട് നഷ്ടപ്പെട്ടവർക്കെല്ലാം വച്ച് നൽകി എൽ.ഡി.എഫ് സർക്കാർ കാണിച്ച മാതൃക അഭിനന്ദനാർഹമായിരുന്നു. ഭരണ വിരുദ്ധ വികാരമാണ് ജനങ്ങളിലെന്നത് തെറ്റായ കാര്യമാണ്. ഇത്തവണത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനുള്ള ജനങ്ങളുടെ മറുപടിയാവും.
എം.വി.രാജേന്ദ്രൻ, സി.പി.എം നിലമ്പൂർ ബ്രാഞ്ച് സെക്രട്ടറി
സാധാരണക്കാരന്റെ മേൽ കെട്ടിവച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. നിലമ്പൂരിലെ വ്യാവസായിക-വ്യാപാര മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കും. അടിക്കടിയുള്ള ഈ ഉപതിരഞ്ഞെടുപ്പിന് കാരണം എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന അമർഷം സാധാരണക്കാർക്കിടയിലുള്ളതിനാൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ വലിയ മുന്നേറ്റമുണ്ടാവും. എടക്കര ബൈപ്പാസ് മാത്രമാണ് ഇവിടെ നടത്തിയ വികസന പ്രവർത്തനമെന്ന് പറയാം. മുണ്ടേരി-മേപ്പാടി റോഡിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളുണ്ടായില്ല, നഞ്ചൻകോടുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ പൂർണ്ണമായും പ്രായോഗികമായി നടപ്പാക്കിയില്ല. നിലമ്പൂരിലെ വുഡ് ഇൻഡസ്ട്രിയലുമായി ബന്ധപ്പെട്ട് നിലമ്പൂരിലെ പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചില്ല, ഇന്ത്യയിലെ ഏറ്റവും വലിയ വിത്തുകൃഷി തോട്ടമായ മുണ്ടേരി ഫാമിൽ അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചില്ല എന്നിവയെല്ലാം ആ ഭരണത്തിന്റെ പോരായ്മകളാണ്.
സുധീഷ് ഉപ്പട, ബി.ജെ.പി മുൻ നിലമ്പൂർ മണ്ഡലം പ്രസിഡന്റ്, ബി.ജെ.പി ഈസ്റ്റ് ജില്ലാ ഉപാദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |