കൊല്ലം: കൊച്ചിയിൽ പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ വീണ്ടും കൊല്ലം ജില്ലയിലെ തീരത്തടിഞ്ഞു. അർദ്ധരാത്രിയോടെ കരുനാഗപ്പള്ളിയിൽ ഒരു കണ്ടെയ്‌നർ കണ്ടെത്തിയതിന് പിന്നാലെയാണ് പുലർച്ചെയോടെ വീണ്ടും കണ്ടത്. ചവറയിൽ മൂന്ന് കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞു. ശക്തികുളങ്ങര മദാമ തോപ്പിലും മൂന്നെണ്ണം കണ്ടെത്തി. നീണ്ടകര ആൽത്തറമൂടിലും ഒരെണ്ണം അടിഞ്ഞിട്ടുണ്ട്. ഇതുവരെ എട്ടെണ്ണം കണ്ടെത്തിയതായാണ് സൂചന.നാല് മണിയോടെയാണ് ആലപ്പാട് തീരത്ത് കണ്ടെയ്‌നർ കണ്ടത്. അഞ്ച് മണിയോടെ നീണ്ടകര പരിമണം ഭാഗത്തും കണ്ടെയ്‌നർ കണ്ടു. ഇവ തുറന്ന നിലയിലായിരുന്നു ഉള്ളിൽ ഒന്നും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
രാത്രിയിൽ വലിയ ശബ്‌ദത്തോടെയാണ് കടൽഭിത്തിയിലേക്ക് കണ്ടെയ്‌നർ ഇടിച്ചുകയറിയത്. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് കളക്‌ടർ എൻ. ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ എന്നിവർ സ്ഥലത്തെത്തി. ജനവാസമേഖലയായതിനാൽ ഇവിടെനിന്നും ജനങ്ങളോട് ബന്ധുവീടുകളിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്നറുകളാണ്. ഇതിൽ 73 എണ്ണം കാലിയായിരുന്നുവെന്നും 13 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ഉൾപ്പടെ അപകടകരമായ ചരക്കുകൾ ഉണ്ടായിരുന്നു എന്നുമാണ് വിവരം. ചീഫ് കമ്മീഷണർ ഓഫ് കസ്റ്റംസ്, തിരുവനന്തപുരം സോൺ പുറത്ത് വിട്ട പബ്ലിക് അഡൈ്വസറിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റിലീൻ വാതകം പുറപ്പെടുവിക്കുമെന്നും അഡ്വൈസറിയിൽ പറയുന്നുണ്ട്.ചരക്കുകപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞത് കണ്ടാൽ തൊടരുതെന്ന് ഇന്നലെ വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അടുത്ത് പോകരുതെന്നും ഉടൻതന്നെ 112 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |