കൊച്ചി: സൈനിക ബങ്കറുകൾ മലയാളികൾക്ക് കേട്ടുകേൾവി മാത്രമാണെങ്കിലും കൊച്ചിയിൽ ഇപ്പോഴുമുണ്ട് 83 കൊല്ലം മുമ്പ് ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തെ കാത്ത വിശാലമായ ബങ്കറുകൾ. നിലവിൽ കൊച്ചി നാവികത്താവളത്തിന് ആറ് കിലോമീറ്റർ അകലെ മുളവുകാട് ദ്വീപിൽ മണ്ണിനടിയിലാണിവ.
1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ കാലം. വില്ലിംഗ്ടൺ ഐലൻഡിലെ ബ്രിട്ടിഷ് എയർസ്ട്രിപ്പ് ശത്രുക്കളുടെ ചാരക്കണ്ണിൽ വന്നു. ഇതോടെ ശത്രുവിന് കണ്ടെത്താൻ സാധിക്കാത്ത തരത്തിൽ വെടിക്കോപ്പുകൾ സംഭരിക്കാനും സൈനികരെ പാർപ്പിക്കാനും രഹസ്യസങ്കേതം വേണമെന്ന് ബ്രിട്ടീഷ് പ്രതിരോധ വിദഗ്ദ്ധർ തീരുമാനിച്ചു.
തുറമുഖത്ത് നിന്ന് 10 മിനിറ്റിനകം എത്താനാകുന്ന കണ്ടൽക്കാടുകളും ചതുപ്പും നിറഞ്ഞ ദ്വീപിലെ 12 ഏക്കറോളം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തത് 1942ൽ. ഇവിടെ അതിവേഗം ഭൂഗർഭ ബങ്കറുകളും കരിങ്കൽ കെട്ടിടങ്ങളും സൈനിക ക്യാമ്പും സ്ഥാപിച്ചു.
1945ൽ യുദ്ധം അവസാനിച്ചതോടെ ദ്വീപിലെ ക്യാമ്പിന്റെ പ്രാധാന്യം ഇല്ലാതായി. 1947ൽ ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ സ്ഥലം കേന്ദ്ര സർക്കാരിന് കീഴിലായി.1951ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ക്യാമ്പിലെ കെട്ടിടങ്ങൾ പൊളിച്ചു. വലിയ കോൺക്രീറ്റ് സ്ലാബുകൾ പാകി അടച്ച ബങ്കറുകൾ മണ്ണിനടിയിൽ അതേപടിയുണ്ട്. ‘മിലട്ടറി ക്യാമ്പ്’എന്നാണ് ഇവിടം ഇപ്പോഴും അറിയപ്പെടുന്നത്.
ഇപ്പോഴത്തെ ബോൾഗാട്ടി -മുളവ്കാട് നോർത്ത് റോഡിൽ പടിഞ്ഞാറേ ക്യാമ്പ്, കിഴക്കേ ക്യാമ്പ് എന്നിങ്ങനെ രണ്ട് പ്ലോട്ടുകളിലായി ഇവ വ്യാപിച്ചു കിടക്കുന്നു. കിഴക്കേ ക്യാമ്പിലാണ് ബങ്കറുകൾ.
നിയന്ത്രണം
നാവികസേനയ്‌ക്ക്
എട്ടേക്കർ വരുന്ന പടിഞ്ഞാറേ മിലിട്ടറി ക്യാമ്പിന്റെ അതിരായ പെരിയാറിന്റെ കൈവഴി എത്തുന്നത് കൊച്ചി തുറമുഖത്തിന്റെ പ്രവേശന കവാടമായ അഴിമുഖത്ത്. തന്ത്രപ്രാധാന്യം തിരിച്ചറിഞ്ഞ നാവികസേന മിലിട്ടറി ക്യാമ്പിന്റെ അതിരുകൾ വേലി കെട്ടി സുരക്ഷിതമാക്കി. ഭാവിയിൽ യുദ്ധക്കപ്പലുകൾക്കുള്ള നേവൽ ജെട്ടി, നാവിക പരിശീലന കേന്ദ്രം, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, സൈനിക ടൗൺ ഷിപ്പുകൾ തുടങ്ങി ഇവിടെ വികസന സാദ്ധ്യതകളേറെ.
എനിക്ക് ആറു വയസുള്ളപ്പോഴാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. ബങ്കറുകളിലേക്കുള്ള പടിക്കെട്ടുകളിൽ കളിച്ചതൊക്കെ ഓർമ്മയുണ്ട്. എന്റെ പിതാവ് ലെനാർഡ് ലോപ്പസിന്റെ ഉടമസ്ഥതയിലുള്ള 27 സെന്റ് സ്ഥലം ക്യാമ്പിനായി ഏറ്റെടുത്തതിന്റെ രേഖ കൈവശമുണ്ട്
മേരി മാർഗരറ്റ് ലോപ്പസ് (80)
മുൻ ഉപാദ്ധ്യക്ഷ
മുളവ്കാട് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |