നെടുമ്പാശേരി: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസിൽ റിമാൻഡിലായ നെടുമ്പാശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് (31), കോൺസ്റ്റബിൾ മോഹൻകുമാർ (28) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി.
14ന് രാത്രി പത്ത് മണിയോടെ കാറിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അങ്കമാലി തുറവൂർ ആരിശേരിൽ വീട്ടിൽ ജിജോ ജെയിംസിന്റെ മകൻ ഐവിൻ ജിജോയെയാണ് പ്രതികൾ കൊലപ്പെടുത്തിയത്. പ്രതികൾ ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്നു. അഞ്ച് ദിവസത്തേക്കാണ് അങ്കമാലി കോടതി ഇന്നലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
ഐവിൻ ജിജോയുമായി ആദ്യം തർക്കം നടന്ന നായത്തോട് ഗ്രൗണ്ടിന് സമീപവും കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപവും പ്രതികളെ എത്തിച്ച് തെളിവെടുത്തു.
ഐവിൻ ജിജോയും മറ്റ് ചിലരും ചേർന്ന് തങ്ങളെ മർദ്ദിച്ചെന്നാണ് കസ്റ്റഡിയിലുള്ള സി.ഐ.എസ്.എഫുകാർ പറയുന്നത്. എന്നാൽ സി.ഐ.എസ്.എഫുകാരുടെ ആരോപണം ശരിയല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവം നടന്ന രണ്ടിടത്തെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തർക്കം നടക്കുമ്പോൾ ഇതുവഴി പോയ ചില ബൈക്ക് യാത്രികർ വാഹനം നിർത്തിയെന്നല്ലാതെ സി.ഐ.എസ്.എഫുകാരെ മർദ്ദിച്ചില്ലെന്ന് വ്യക്തമാണെന്ന് നെടുമ്പാശേരി സി.ഐ സാബുജി പറഞ്ഞു.
പ്രതികൾക്കെതിരായ സി.ഐ.എസ്.എഫിന്റെ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. അന്വേഷണം പൂർത്തിയായാൽ പിരിച്ചുവിടൽ ഉൾപ്പെടെ കടുത്ത നടപടി ഉണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |