വർഷത്തിൽ 300 ദിവസം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് പലകപ്പാണ്ടി
മെയിൻ ഷട്ടർ തകരാറിലായതിനാൽ ഡാം നിറയുക അസാധ്യം
തുടർച്ചയായി 30 ദിവസം വെള്ളം ലഭിച്ചാൽ ഡാം നിറയാൻ സാധ്യത
പറമ്പിക്കുളം ആളിയാർ വെള്ളവും ചുള്ളിയാർ ഡാമിൽ നിറയ്ക്കണമെന്ന് കർഷകർ
മുതലമട: കാലവർഷം ശക്തി പ്രാപിച്ചതോടെ ചുള്ളിയാർ ഡാമിൽ പലകപ്പാണ്ടി വെള്ളം എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് പലകപാണ്ടി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർദ്ധിച്ചിരുന്നു. ഈ വർഷം നേരത്തെയാണ് വെള്ളം എത്തുന്നത്. വർഷത്തിൽ 300 ദിവസത്തോളം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് പലകപ്പാണ്ടി. ശുക്രിയാൽ ഉൾപ്പെടെ 25ൽ അധികം ചെറുവെള്ളച്ചാട്ടങ്ങളും കാലവർഷങ്ങളിൽ സജീവമായി പലകപ്പാണ്ടി കനാലിൽ വന്നു ചേരാറുണ്ട്. ചുള്ളിയാർ ഡാമിന്റെ പ്രധാന ഷട്ടർ തകരാറിലാണ്. ഇതിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. അതിനാൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ച ശേഷമേ ഡാമിൽ വെള്ളം സംഭരിക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. കിഴക്കൻ മേഖലയിലെ കർഷകർക്ക് ജലസേചനത്തിനായി 2006ൽ 10 കോടി രൂപ ചെലവിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പലകപാണ്ടി പദ്ധതി. 2013ൽ നിർമ്മാണം പൂർത്തീകരിച്ച് ജലസേചനം ലഭ്യമാക്കി. 1755 മീറ്റർ നീളത്തിലും 30.5 മീറ്റർ ഉയരത്തിലും 1970 ൽ പണികഴിപ്പിച്ച അണക്കെട്ടാണ് ചുള്ളിയാർ ഡാം. 154.08 മീറ്റർ സംഭരണശേഷിയുള്ള ഡാമിന്റെ നിലവിലെ സംഭരണം 142.65 മീറ്ററാണ്. കഴിഞ്ഞവർഷം ഇതേദിവസം 16.11 അടി വെള്ളമുണ്ടായിരുന്നു. ഇക്കുറി അത് 20 അടി ആയി. അണക്കെട്ടിന്റെ മൊത്തം കനാൽ ശൃംഖല 36.52 കിലോമീറ്ററും അതിൽ പല കപാണ്ടിച്ചുള്ളിയാർ പദ്ധതി നാല് കിലോമീറ്ററും ചുള്ളിയാർ മീങ്കര ഇറിഗേഷൻ പദ്ധതി 10.60 കിലോമീറ്ററും ആണുള്ളത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി, പല്ലശ്ശന, വടവന്നൂർ തുടങ്ങി നിരവധി പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസാണ് ചുളളിയാർ ഡാം. നിലവിൽ ഡാം ആഴം കൂട്ടി സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള പദ്ധതി പുരോഗമിച്ചു വരികയാണ്. പലകപാണ്ടി വെള്ളവും പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ വെള്ളവും പൂർണമായും ചുള്ളിയാറിൽ എത്തിച്ചാൽ മുതലമട ഉൾപ്പെടെ നിരവധി പഞ്ചായത്തുകളിലെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |