നിരവധി വീടുകൾ മരം വീണ് തകർന്നു വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി തീരമേഖലയിൽ കടലാക്രമണം
കോവളം/നെടുമങ്ങാട്/വർക്കല/വക്കം/വെഞ്ഞാറമൂട് : ശക്തമായ കാറ്റും മഴയും തുടരുന്ന തലസ്ഥാന ജില്ലയിൽ ജനജീവിതം ദുരതത്തിൽ. മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വെള്ളം കയറിയും കനത്ത നാശനഷ്ടമാണുണ്ടാകുന്നത്. ആളപായമില്ലാത്തത് ആശ്വാസം.ശക്തമായ കാറ്റിൽ കോവളം വെള്ളാർ ശിവക്ഷേത്രത്തിന് സമീപം അഞ്ചുവീടുകൾ തകർന്നു. മരങ്ങൾ കടപുഴകി.ഒൻപതോളം വൈദ്യുത പോസ്റ്റുകൾ നിലംപൊത്തി. പ്രദേശത്ത് വൈദുത ബന്ധം താറുമാറായി. വെള്ളാർ കാർത്തിക ഭവനിൽ ഷാജിയുടെ ഷീറ്റ് മേഞ്ഞ വീടിന് പുറത്തേക്ക് തേക്കുമരം കടപുഴകി വീട് പൂർണമായും തകർന്നു. വെള്ളാർ പൂവരശ് വീട്ടിൽ രവീന്ദ്രന്റെ വീടിന്റെ അടുക്കള ഭാഗത്ത് തേക്കും പ്ലാവും കടപുഴകി നാശനഷ്ടമുണ്ടായി. സമീപവാസിയായ സാമിലയുടെ വീട്ടിനു സമീപം പറമ്പിലെ മാവ് കടപുഴകി വീടിന് മുകളിൽ പതിച്ചു. വെള്ളാർ ക്രാഫ്ട് വില്ലേജിന് പിറകുവശം പാറവിള വീട്ടിൽ സിബിയുടെ ഷീറ്റിട്ട വീടിന് മുകളിൽ തെങ്ങ് മറിഞ്ഞു വീണ് ഷീറ്റ് പൂർണമായും തകർന്നു. ഉറങ്ങിക്കിടന്ന സിബിയുടെ ശരീരത്തിൽ ഷീറ്റ് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റു. ഇയാളെ വിഴിഞ്ഞം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.വീട് പൂർണമായും തകർന്ന ഷാജി, സിബി എന്നിവരുടെ കുടുംബങ്ങളെ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് അംഗം അഷ്ടപാലന്റെ നേതൃത്വത്തിൽ ബന്ധു വീടുകളിലേക്ക് മാറ്റി. തിരുവല്ലം ഗവ. എൽ.പി സ്കൂളിന് സമീപത്തെ വളവിൽ കൂറ്റൻ ആഞ്ഞിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം. സമീപത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂർ, പൂങ്കുളം,വണ്ടിത്തടം,പാച്ചല്ലൂർ ഭാഗത്തേക്കുള്ള ഗതാഗതം ഒന്നര മണിക്കൂറോളം തടസപ്പെട്ടു.നെടുമങ്ങാട് ടൗണിൽ ഗേൾസ് സ്‌കൂൾ റോഡിലും വട്ടപ്പാറ,ആര്യനാട്,വിതുര റോഡുകളിലും കെട്ടിടങ്ങൾക്ക് മുകളിൽ മരങ്ങൾ വീണ് കേടുപാടുണ്ട്. വെള്ളനാട്,വിതുര,കോലിയക്കോട്,ഉഴമലയ്ക്കൽ തെന്നൂർ,ആര്യനാട്,നെടുമങ്ങാട് വില്ലേജുകളിൽ മൂന്നു വീടുകൾ വീതം ഭാഗികമായി തകർന്നു. കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.ക്വാറികളുടെ പ്രവർത്തനം നിറുത്തിവച്ചു. മലയോര മേഖലകളിൽ രാത്രികാലയാത്ര തടഞ്ഞു.എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്നവരുടെയും ആദിവാസി കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് തഹസിൽദാർ അനിൽകുമാർ അറിയിച്ചു. വർക്കല റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള സ്വകാര്യ വസ്തുവിലെ തെങ്ങ് കടപുഴകി റെയിൽവേ ഇലക്ട്രിക് ലൈനിൽ വീണു.കാപ്പിൽ കണ്ണംമൂട് ഗണപതി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്കാണ് തെങ്ങ് വീണത്.കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഗുഡ്സ് ട്രെയിൻപോയതിന് പിന്നാലെയാണ് തെങ്ങ് കടപുഴകിയത്. റെയിൽവേ ജീവനക്കാരെത്തി തെങ്ങ് മറിച്ചുമാറ്റി. ഇതോടെ കന്യാകുമാരി പൂനെ എക്സപ്രസ് 10 മിനിട്ടോളം വർക്കല റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. അഞ്ചുതെങ്ങ് വേലിമുക്കിൽ ജെസി ജോർജ്ജ് ദമ്പതികളുടെ വീട് തകർന്നു. താഴമ്പള്ളി,പൂത്തുറ,വേലിമുക്ക്,അഞ്ചുതെങ്ങ്‌കോട്ട,തോണിക്കടവ്, വലിയപള്ളി,കുരിശടിമുക്ക്, അഞ്ചുതെങ്ങ് ജംഗ്ഷൻ,മണ്ണാർക്കുളം,മുണ്ടുതുറ,മാമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കടലാക്രമണവുമുണ്ട്. വെഞ്ഞാറമൂട് മേഖലയിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പുല്ലമ്പാറ പാലാംകോണം പനച്ചമൂട്ടിൽ രവീന്ദ്രന്റെ വീട്ടിലേക്കും പ്ലാക്കീഴ് കടയിൽവീട്ടിൽ സന്ധ്യയുടെ വീടിന് മുകളിലേക്കും മരം വീണ് വീടിന് കേടുപാടുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |