ആലപ്പുഴ: കാലവർഷം കനത്തതോടെ വിദ്യാർത്ഥിനിയുടേത് ഉൾപ്പടെ ജില്ലയിൽ രണ്ട് മരണം. ആലപ്പുഴ കടപ്പുറത്ത് സുഹൃത്തിനൊപ്പം നിൽക്കവേ, തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ആലപ്പുഴ തിരുമല വാർഡ് രതി ഭവനിൽ നിത്യ ജോഷി (18), കുപ്പപ്പുറം പനയ്ക്കൽ തോട്ടിൽ കാൽവഴുതി വീണ് ജലഗതാഗത വകുപ്പിലെ ബോട്ട് ഡ്രൈവർ മുളമുറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) എന്നിവരാണ് മരിച്ചത്. മഴക്കോട്ട് ധരിച്ച് തോടിന്റെ കരയിലൂടെ നടക്കവേ, ശക്തമായ കാറ്റിൽ കാൽ തെന്നി തോട്ടിൽ വീഴുകയായിരുന്നു. വിവിധയിടങ്ങളിലായി അഞ്ച് പേർക്ക് മഴമൂലമുണ്ടായ അപകടങ്ങളിൽ പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ മാത്രം കനത്ത കാറ്റിലും മഴയിലും ജില്ലയിൽ 112 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു. വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ ആകെ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണ്ണമായും
തകർന്നു. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ടാണ്. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
തകർന്ന വീടുകൾ
(താലൂക്ക് തിരിച്ച്)
ചേർത്തല: 45
അമ്പലപ്പുഴ: 41
കുട്ടനാട്:20
കാർത്തികപ്പള്ളി:11
മാവേലിക്കര: 12
ചെങ്ങന്നൂർ:12
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |