തിരുവല്ല : തിരുവാറ്റ പാലത്തിന്റെ നിർമ്മാണത്തിനായി ഒരുക്കിയ ബണ്ട് കാരണം കനത്തമഴയെ തുടർന്ന് മുപ്പത് വീടുകൾ വെള്ളത്തിലായി. നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന കുളക്കാട് യമുനാ നഗർ, തത്തനപ്പള്ളി കിഴക്കേതിൽ എന്നീ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിന്റെ ദുരിതത്തിലായത്. പാലിയേക്കര - മതിൽഭാഗം റോഡിലെ തിരുവാറ്റ പാലത്തിന്റെ നിർമ്മാണത്തിനായി പണിത ബണ്ടാണ് പ്രദേശവാസികൾക്ക് ദുരിതം വിതയ്ക്കുന്നത്. പ്രദേശത്ത് കൂടി ഒഴുകുന്ന മുല്ലേലി തോടിന് കുറുകെ ഉണ്ടായിരുന്ന പഴയപാലം പൊളിച്ചു പണിയുന്നതിനായി മൂന്നുമാസം മുമ്പാണ് തോടിനു കുറുകെ ബണ്ട് നിർമ്മിച്ചത്. സാങ്കേതിക കാരണങ്ങളാൽ പാലം നിർമ്മാണം വൈകി. ഇതോടെ മുല്ലേലി തോടിന്റെ ഒഴുക്ക് നിലച്ചു. തിരുവല്ല നഗരത്തിലെ ഓടകളിൽ നിന്ന് എത്തുന്ന മലിനജലം അടക്കം മുല്ലേലിത്തോട്ടിലേക്കാണ് എത്തുന്നത്. ഒഴുക്ക് നിലച്ചതോടെ തോട് നിറഞ്ഞുകവിഞ്ഞ് യമുനാ നഗർ, തത്തനപ്പള്ളി കിഴക്കേതിൽ എന്നീ പ്രദേശങ്ങളിലെ വീടുകൾക്ക് ചുറ്റും മലിനജലം കെട്ടിക്കിടക്കുകയാണ്. ദുർഗന്ധം വഹിക്കുന്ന കറുത്ത വെള്ളമാണ് വീടുകൾക്ക് ചുറ്റും. ഇതുകൂടാതെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. ഇതോടെ മുറ്റത്തിറങ്ങാനോ നടക്കാനോ കഴിയാതെ വീടിനുള്ളിൽ കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാർ. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. വീടിന്റെ പരിസരങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയത് മുതൽ പ്രദേശവാസികൾ പരാതി പറയുന്നു. തുടർന്ന് വിഷയത്തിൽ ഇടപ്പെട്ട വാർഡ് കൗൺസിലർ ബിന്ദു റെജി കുരുവിള കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസിന് പരാതി ഇമെയിൽ അയച്ചിരുന്നു. കൂടാതെ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് രേഖാമൂലം പരാതിയും നൽകി. ഞായറാഴ്ച രാവിലെ ബണ്ട് പൊളിച്ചുനീക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞെങ്കിലും ഇതുവരെ നടപടി ഒന്നുമുണ്ടായിട്ടില്ല. തുടർന്ന് നാട്ടുകാർ ഇടപെട്ട് ബണ്ടിന്റെ ഒരുഭാഗം പൊളിച്ചെങ്കിലും കാലവർഷം കനക്കുന്നതോടെ ഈ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |