തിരുവനന്തപുരം: എല്ലാ സ്‌കൂളുകളിലും തുറക്കും മുൻപ് ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി. സ്‌കൂൾ വർഷാരംഭ പ്രവർത്തനവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗത്തിലാണ് നിർദ്ദേശം. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങളുൾപ്പെടുത്തി നവീകരിച്ച അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പൂർത്തിയാക്കണം.
സ്‌കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഡ്രൈവർമാരെ ബോധവത്കരിക്കണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, ജി.ആർ. അനിൽ എന്നിവരും ചീഫ് സെക്രട്ടറി എ. ജയതിലകടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഈ വർഷത്തെ സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ട്രാഫിക് പൊലീസ് വേണം
സ്‌കൂൾ പരിസരത്ത് ട്രാഫിക്ക് പൊലീസിനെ ഉറപ്പാക്കണം.
സ്‌കൂൾ തുറക്കും മുമ്പ് കാട് വെട്ടിത്തെളിച്ച് ശുചീകരിക്കണം
പാചകപ്പുര, ടോയ്‌ലറ്ര്, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം
കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കണം
സ്‌കൂൾ തുറക്കും മുൻപ് മെന്റർ ടീച്ചർമാരെ നിയമിക്കണം
പാഠപുസ്തകങ്ങളും യൂണിഫോമും എല്ലാവർക്കും ഉറപ്പാക്കണം
മുഖ്യമന്ത്രി പങ്കെടുക്കേണ്ട യോഗങ്ങൾ മാറ്റി
തിരുവനന്തപുരം: ഈ മാസം 29, 30, 31 തീയതികളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോട്ടയത്തും കോഴിക്കോട്ടും നടത്താനിരുന്ന യോഗങ്ങൾ മാറ്റി. കനത്ത കാലവർഷവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ തുടരുന്ന പശ്ചാത്തലത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |