കോഴിക്കോട്: വന്യജീവി സംഘർഷത്തിൽ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാതെ യാഥാർത്ഥ്യത്തെ വക്രീകരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി സംഘർഷം തടയൽ, നടപടികൾ ലഘൂകരിക്കൽ തുടങ്ങിയവയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്രപ്പെടുത്തി.
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സർക്കാരിന് വെടിവച്ച് കൊല്ലാമെന്നാണെങ്കിലും നടപടിക്രമങ്ങൾ അതിസങ്കീർണമാണ്.
വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനത്തിനുള്ളിൽ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കും. മനുഷ്യനും വന്യജീവികൾക്കും തുല്യ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. വനത്തിൽ നശിച്ചുപോകുന്ന കുളങ്ങളും ജലാശയങ്ങളും നവീകരിക്കും. വന്യജീവികൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കും. വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ഇതിനകം 1,584 ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി. വിവിധ സർക്കിളുകളിലായി 5,031 ഹെക്ടർ പ്രദേശത്ത് ഇതിന്റെ പ്രവർത്തനം നടന്നുവരുന്നു. സോളാർഫെൻസിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അക്കേഷ്യ, യൂകാലിപ്സ് തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കും. ഇതിലൂടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് വൻതോതിൽ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |