കൊച്ചി: സി.പി.എമ്മിന്റെ ഏക ലോക് സഭാംഗവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ അടക്കം തൃശൂരിൽ ജില്ലാ സെക്രട്ടറിയായിരുന്ന മൂന്നുപേർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്‌പാത്തട്ടിപ്പ് കേസിൽ പ്രതി. മുൻമന്ത്രിയും കുന്നംകുളം എം.എൽ.എയും പാർട്ടി സംസ്ഥാന സമിതി അംഗവുമായ എ.സി.മൊയ്തീൻ, സംസ്ഥാന സമിതി അംഗമായ എം.എം. വർഗീസ് എന്നിവരാണ് മറ്റു മുൻസെക്രട്ടറിമാർ.
ഇ.ഡി ഇന്നലെ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ സി.പി.എം
68-ാം പ്രതിയാണ്. കോടതി നടപടികൾ ഇപ്പോഴത്തെ ജില്ലാസെക്രട്ടറിയും ഗുരുവായൂർ മുൻ എം.എൽ.എയായ കെ.വി. അബ്ദുൾ ഖാദർ അഭിമുഖീകരിക്കണം. ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ എട്ടുപേരാണ് പാർട്ടി ബന്ധമുള്ള പ്രതികൾ.
നിയമവിരുദ്ധമായി വായ്‌പകൾ അനുവദിക്കാൻ ഇടപെട്ടെന്നും പാർട്ടി ഫണ്ടെന്ന പേരിൽ വിഹിതം വാങ്ങിയെന്നും ആ പണം നിക്ഷേപം നടത്താനും സ്ഥലം വാങ്ങാനും കെട്ടിടം നിർമ്മിക്കാനും ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ചോദ്യം ചെയ്യലിന് വിളിപ്പിച്ച കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സെക്രട്ടറിയേറ്റംഗം പി.കെ.ബിജു, തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവീസ് കാട എന്നിവർ പ്രതികളല്ല.
രാഷ്ട്രീയച്ചൂടേറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, വരാൻപോകുന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിന്റെ അലയൊലികൾ ഉണ്ടാവും.
180 കോടി തട്ടിയെടുത്തു
83:
മൊത്തം പ്രതികൾ
(രണ്ടുപേർ മരിച്ചു)
23:
അറസ്റ്റിലായവർ
(എല്ലാവരും ജാമ്യത്തിൽ)
56:
ആദ്യ കുറ്റപത്രത്തിലെ
പ്രതികൾ
27:
അന്തിമ കുറ്റപത്രത്തിൽ
ചേർത്ത പ്രതികൾ
നേതാക്കളും പ്രതിസ്ഥാനവും
64: മധു അമ്പലപ്പുറം (വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ)
67: എ.സി. മൊയ്‌തീൻ (സി.പി.എം തൃശൂർ ജില്ലാ മുൻ സെക്രട്ടറി)
68: സി.പി.എം
69: എം.എം. വർഗീസ് ( ജില്ലാ മുൻ സെക്രട്ടറി)
70: കെ. രാധാകൃഷ്‌ണൻ എം.പി (ജില്ലാ മുൻ സെക്രട്ടറി)
71: എ.ആർ. പീതാംബരൻ (പൊറത്തിശേരി നോർത്ത് ലോക്കൽ സെക്രട്ടറി )
72: എം.ബി രാജു (പൊറത്തിശേരി സൗത്ത് ലോക്കൽ സെക്രട്ടറി )
73: കെ.സി. പ്രേമരാജൻ (ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി )
15: പി.ആർ.അരവിന്ദാക്ഷൻ (ആദ്യകുറ്റപത്രം, അത്താണി ലോക്കൽ കമ്മിറ്റി അംഗം, വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
സി.പി.എമ്മിനെ പ്രതിയാക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ ഗൂഢാലോചന. രാഷ്ട്രീയപരമായി നേരിടും
എം.വി ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |