ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ച് ചേർത്തല പള്ളിപ്പുറം ഇൻഫോപാർക്കിൽ ഐ.ടി സ്ഥാപനത്തിൽ ജീവനക്കാരിയായി. ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ട് പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് രണ്ട് മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. എം.എസ്.ഡബ്ല്യു ബിരുദധാരിയാണ്. ജോലിയിൽ അനുപമ സംതൃപ്തയാണെന്ന് സഹോദരൻ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് താൽപര്യമില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പീഡനക്കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്. 2018 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡോ.ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കിയിരുന്നു. സിസ്റ്റർ അനുപമയുടെ നിലപാടിൽ അഭിനന്ദനം അറിയിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടിയടക്കം നിരവധിപ്പേർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |