തിരുവനന്തപുരം: എസ്കലേറ്ററുകളും മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യങ്ങളുമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ അടിമുടി സ്റ്റൈൽ മാറുന്നു.രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെ ആധുനികവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് 439 കോടി ചെലവഴിച്ചുള്ള നവീകരണം.
3.5 വർഷമാണ് പദ്ധതി കാലാവധി. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ.ആർ.ഡി.സി.എൽ) റെയിൽ വികാസ് നിഗം ലിമിറ്റഡും സംയുക്തമായാണ് നടത്തിപ്പ്. 52 കാറുകൾ, 17 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോകൾ എന്നിവ പാർക്ക് ചെയ്യുന്നതിനായി 1.2 ചതുരശ്രയടിയിൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യമൊരുക്കും.
റെയിൽവേ സ്റ്റേഷനെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കാൻ ഫുട് ഓവർ ബ്രിഡ്ജും നിർമ്മിക്കും.വാണിജ്യ ആവശ്യങ്ങൾക്കായി പുതിയ കെട്ടിടങ്ങൾ ഉയരും. കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. യാത്രക്കാരെ ബാധിക്കാത്ത തരത്തിലാവും നിർമ്മാണം.
ഭിന്നശേഷി സൗഹൃദമാക്കും
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യങ്ങൾ റെയിൽവേ സ്റ്രേഷനിലൊരുക്കും. റെയിൽവേ സ്റ്റേഷന് മുൻവശത്ത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള സിഗ്നൽ ലൈറ്റുകൾ ഈ മാസം പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. ഇതിനൊപ്പം യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സേവനം മെച്ചപ്പെടുത്തും. സുരക്ഷാ സംവിധാനങ്ങളും ഫയർ സേഫ്ടി സംവിധാനങ്ങളും കൊണ്ടുവരും.
സ്റ്റേഷനിലുയരും തിരമാല
1.നോർത്ത് ബ്ലോക്കിന് മുൻവശത്ത് അക്വാഗ്രീൻ നിറത്തിൽ തിരമാലകളുടെ രൂപത്തിൽ മേൽക്കൂര നിർമ്മിക്കും.
2.പ്രധാന കവാടത്തിൽ മുൻവശത്ത് 4.5 ലക്ഷം ചതുരശ്രയടിയിൽ പത്ത് നിലകളുള്ള രണ്ട് കെട്ടിടങ്ങൾ. ഇവയിൽ ആറുനിലകൾ വാണിജ്യാവശ്യങ്ങൾക്ക്.
3.രണ്ടാം പ്രവേശനകവാടത്തിന് സമീപം ഏഴുലക്ഷം ചതുരശ്രടിയിൽ 8 നിലകളുള്ള കെട്ടിടം. ഇതിൽ നാല് നിലകൾ വാണിജ്യാവശ്യങ്ങൾക്ക്.
4.പ്ലാറ്റ്‌ഫോമുകൾക്കും റെയിൽവേ ട്രാക്കുകൾക്കും മുകളിൽ അത്യാധുനിക രീതിയിലുള്ള സ്റ്റീൽ മേൽക്കൂര(എയർ കോൺകോഴ്സ്) നിർമ്മിക്കും.
5.നിലവിലുള്ള പ്ലാറ്റ്ഫോം ഷെൽറ്ററുകൾ ഇതിനനുസരിച്ച് പുനർരൂപകല്പന ചെയ്യും.
മറ്റ് സൗകര്യങ്ങൾ
പുത്തൻ ടിക്കറ്റ് കൗണ്ടറുകൾ
ഭക്ഷണശാലകൾ
സഞ്ചാരികളെ ആകർഷിക്കാൻ ലാൻഡ്സ്കേപ്പിംഗ്
സെൽഫി പോയിന്റുകൾ
ടി.ടി.ഇ വിശ്രമമുറി
എസ്കലേറ്ററുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |