കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്ന് റെഡ് അലർട്ട്. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളിലായി പെയ്ത അതിതീവ്ര മഴയിൽ മലയോര മേഖലകളിലടക്കം വ്യാപക നാശമാണുണ്ടായത്. കക്കയം തലയാട് റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. 26-ാംമെെൽ മലയോര ഹെെവേ റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.
ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോരപ്പുഴയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലും മണ്ണിടിച്ചിൽ മുന്നിൽകണ്ട് ജാഗ്രതാ നിർദേങ്ങൾ നൽകിയിട്ടുണ്ട്. തൊട്ടിൽപാലത്ത് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നടുവണ്ണൂർ, മാവൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും വെെദ്യുതിലെെനുകൾ പൊട്ടി വെെദ്യുതി തടസപ്പെട്ടു. മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. നഗരത്തിൽ കോംട്രസ്റ്റ് സമരപ്പന്തലിനു മുകളിൽ മരം വീണു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും സമരപ്പന്തലിനു മുകളില്‍ മരം വീണിരുന്നു. ഫയർഫോഴ്സ് എത്തി റോഡിലേക്ക് കയറി നിന്ന മരത്തിന്റെ ചില്ലകളും കൊമ്പുകളും മുറിച്ച് മാറ്റി.
സർവീസ് റോഡുകളിൽ വെള്ളക്കെട്ട്
ദേശീയപാതയിൽ വിവിധയിടത്തായി രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. സർവീസ് റോഡിൽ വെള്ളം നിറഞ്ഞ പയ്യോളി പെരുമാൾപുരത്ത് താത്കാലിക പാതയൊരുക്കി. തടമ്പാട്ടുതാഴം പറമ്പിൽ ബസാർ ഭാഗത്തെ സർവീസ് റോഡുകളിലും സമാനസ്ഥിതിയാണ്. ദേശീയപാതയിൽ വിവിധയിടങ്ങളിലായി വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പയ്യോളിയിലും തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. പൊയിൽകാവിൽ സർവീസ് റോഡിലെ ഓവുചാലിലും വിള്ളൽ രൂപപ്പെട്ടു. മാവൂർ റോഡിലും ബസ് സ്റ്റാൻഡ് പരിസരത്തുമുൾപ്പെടെ വെള്ളക്കെട്ടും രൂപപ്പെട്ടു.
കാവിലുംപാറ ചുരം റോഡിലെ പട്യാട്ട് പുഴയിലും കുറ്റ്യാടി പുഴയിലും ക്രമാധീതമായി വെള്ളം കയറി, കുറ്റ്യാടി പൈക്കളങ്ങാടിയിൽ വീടിന്റെ മതിലിനു മുകളിൽ മരം വീണു. മരം റോഡിലേക്ക് വീണതിനാൽ ഇലട്രിക്ക് പോസ്റ്റിന്റെ ലൈൻ കട്ടാവുകയും ഏറെ നേരം ഗതാഗതവും പ്രദേശത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു. നിരവധിയാളുകളുടെ വീടുകളിൽ മരം വീണു. വീടിൻ്റെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു. കുറ്റ്യാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞു വീണു. ചിലയിടത്ത് കിണർ താഴ്ന്നു. കാവിലും പാറ പഞ്ചായത്തിലെ മൊയിലോത്തറ, മരുതോങ്കരയിലെ മുള്ളൻകുന്ന്, അടുക്കത്ത്, മണ്ണൂർ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരുടെ സേവനം മിക്ക കേന്ദ്രങ്ങളിലും സഹായമായി.
കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന നദികളായ ഇരുവഞ്ഞിയും ചാലിയാറും ഇവയുടെ കൈവഴികളുമാണ് നിറഞ്ഞൊഴുകുന്നത്. തീരങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയതോടെ തീരദേശവാസികളോട് ജാഗ്രത പാലിക്കാൻ തദ്ദേശഭരണ കൂടങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളായ ചേന്ദമംഗല്ലൂർ മംഗലശ്ശേരിവയൽ റോഡ്, പുൽപറമ്പ്- നായർ കുഴി റോഡ്,കുമാരനെല്ലൂർ ഗ്രൗണ്ട്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവ വെള്ളത്തിലായി. പലയിടത്തും മരം വീണു. വീടുകളിൽ വെള്ളം കയറി.
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
100 ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു
കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണും മതിലിടിഞ്ഞും വെള്ളം കയറിയും കാറ്റില്‍ മേല്‍ക്കൂര പറന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഭാഗികമായി തകര്‍ന്ന വീടുകളിലുള്ളവരെ ക്യാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു. കോഴിക്കോട് താലൂക്കില്‍ 21, വടകര 24, കൊയിലാണ്ടി 7, താമരശ്ശേരി 8 എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്ക്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഒരാഴ്ചക്കിടെ ജില്ലയില്‍ 120ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മൂന്ന് ക്യാമ്പുകളിലായി 88 പേർ
കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. കോഴിക്കോട് കസബ വില്ലേജിലെ ഐ.എച്ച്.ആര്.ഡി ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും ഏഴ് പുരുഷന്മാരും നാല് കുട്ടികളും ഉള്‍പ്പെടെ 23 പേരാണ് കഴിയുന്നത്. കൊമ്മേരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ 18 കുടുംബങ്ങളിലെ 58 പേരെ (22 പുരുഷന്മാര്, 20 സ്ത്രീകള്‍, 16 കുട്ടികള്‍) വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ആകെ 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ജില്ലയിലെ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത്.
5.8 കോടി രൂപയുടെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. തോടന്നൂര്‍ ബ്ലോക്കില്‍ 25.36 ഹെക്ടറും മുക്കം ബ്ലോക്കില്‍ 16.09 ഹെക്ടറും കാക്കൂര്‍ ബ്ലോക്കില്‍ 13.63 ഹെക്ടറും കുന്നുമ്മല്‍ ബ്ലോക്കില്‍ 13.6 ഹെക്ടറും ഉള്‍പ്പെടെ ജില്ലയിലാകെ 108 ഹെക്ടര്‍ കൃഷിയാണ് കനത്ത മഴയെ തുടര്‍ന്ന് നശിച്ചത്. നാലായിരത്തിലേറെ കര്‍ഷകരെ മഴക്കെടുതികള്‍ ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.
കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം;60 പോസ്റ്റുകൾ ഒടിഞ്ഞു
ഒന്നരകോടിയുടെ നാശം
സ്വന്തം ലേഖിക
കോഴിക്കോട്: കലിതുള്ളിപെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്ക് കനത്ത നാശം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒന്നരകോടിയുടെ നാശമുണ്ടായതായാണ് കണക്ക്. കോഴിക്കോട് സർക്കിളിൽ ഒരു കോടിയുടേയും വടകര സർക്കിളിൽ അര കോടിയുടേയും നാശമാണുണ്ടായത്. 960 പോസ്റ്റുകൾ തകർന്നു വീഴുകയും 2250 ഇടങ്ങളിൽ വെെദ്യുതി ലെെനുകൾ പൊട്ടിവീഴുകയും ചെയ്തു. 1260 ട്രാൻസ്ഫോമറുകളിൽ വെെദ്യുതി വിതരണം മുടങ്ങി. നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകിയിട്ടുണ്ട്. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
പരക്കം പാഞ്ഞ് ജീവനക്കാർ
കാലവർഷക്കെടുതിയിൽ വീടുകളുടെ പുറത്ത് വീണ ഇലക്ട്രിസിറ്റി വൈദ്യുത ലൈനുകൾ നീക്കം ചെയ്ത് വെെദ്യുതി ബന്ധം പുനസ്ഥാപിക്കാനും കടപുഴകിയ മരങ്ങൾ നീക്കാ
നും അപകടകരമായി നിൽക്കുന്നവയെ മുറിച്ചുമാറ്റാനുമായി ദിവസങ്ങളായി കെ.എസ്.ഇ.ബി ജീവനക്കാർ പരക്കം പാച്ചിലാണ്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുക.
ജാഗ്രത കെെവിടല്ലേ
ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട് . കഴിഞ്ഞ ദിവസവും വെെദ്യുതി ലെെൻ പൊട്ടി വീണ് കോടഞ്ചേരിയിൽ സഹോദരങ്ങൾ മരണപ്പെട്ടിരുന്നു. പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന മുന്നറിയിപ്പ്
പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കുക
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കുക
കാറ്റ് വീശി തുടങ്ങുമ്പോൾ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടുക
ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഏതെങ്കിലും വെെദ്യുതി അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
വീടിന്റെ മേൽക്കൂര തകർന്ന് റെയിൽവേ ട്രാക്കിൽ വീണു
കോഴിക്കോട് : അരീക്കാട് ശക്തമായ കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു. മൂന്ന് മരങ്ങളാണ് കടപുഴകിയത്. മാത്തോട്ടം സ്വദേശിനി ഹസ്നയുടെ വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. ഇതോടെ റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനിനും കെടുപാടുകളുണ്ടായി. ട്രെയിൻ സർവീസ് മണിക്കൂറുകളോളം നിർത്തിവെച്ചു
കലിതുള്ളി കടൽ; ആശങ്കയിൽ തീരദേശവാസികൾ
വടകര : കൊച്ചിക്കടുത്ത് കടലിൽ വീണ കാർഗോ കണ്ടൈനറുകൾ ഒഴുകി വെരുമെന്ന ആശങ്കയോടെ നിന്ന തീരവാസികളുടെ ആശങ്ക ഇരട്ടിപ്പിച്ച് ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ വടകരയുടെ തീരങ്ങളിൽ അതിശക്തമായ കടലാക്രമണം. തിരമാലകൾ ആറു മീറ്ററിലേറെ ഉയരത്തിൽ പൊങ്ങി. 80 മീറ്ററിലധികം ദൂരം കരയിലേക്ക് കൂറ്റൻ തിരമാലകളാണ് അടിച്ച് കയറിയത്. പല വീടുകളിലും വെള്ളം കയറി. അഴിത്തല അഴിമുഖത്ത് പുലിമൂട്ടിന്റെ വലിയ പാറക്കലുകൾ ഇളകി വീണു. വടകര തീരദേശ പോലീസ് സ്റ്റേഷന്റെ വടക്ക് ഭാഗത്തായി അമ്പതിലേറെ വീടുകളിൽ വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |