കൊല്ലം: കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ അപകടകരമായ പദാർത്ഥങ്ങളില്ലെന്ന് ഉറപ്പാക്കാനും കണ്ടെയ്നറുകൾ സുരക്ഷിതമായി നീക്കാനും ഊർജ്ജിതമായ നീക്കങ്ങളാണ് കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നടത്തുന്നത്.
ഇന്നലെ രാവിലെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ ഓൺലൈനായി പങ്കെടുത്ത് പ്രത്യേക യോഗം ചേർന്നിരുന്നു. സ്വീകരിച്ച നടപടികളുടെ അവലോകനത്തിനായി ചവറ കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ വൈകിട്ടും യോഗം ചേർന്നു. എ.ഡി.എം ജി.നിർമ്മൽ കുമാർ, സബ് കളക്ടർ നിഷാന്ത് സിഹാര, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, ഡെപ്യൂട്ടി കളക്ടർ ജയശ്രീ, പോർട്ട് ഓഫീസർ, തഹസിൽദാർമാർ, എൻ.ഡി.ആർ.എഫ്, കസ്റ്റംസ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, കെ.എം.എം.എൽ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജാഗ്രത വേണം
പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും തീരത്തടിയുന്ന കണ്ടെയ്‌നറുകൾ, മറ്റ് വസ്തുക്കൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും ഇവ യാതൊരു കാരണവശാലും കൈകാര്യം ചെയ്യാൻ ശ്രമിക്കരുതെന്നും കളക്ടർ അറിയിച്ചു. ജില്ല ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തിര സാഹചര്യം നേരിടുന്നതിനായി മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള തദ്ദേശ വാസികളുടെ പരിപൂർണ സഹകരണം കളക്ടർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |