കരുനാഗപ്പള്ളി: ചെറിയഴീക്കൽ പാലമൂട്ടിൽ ശാലിനിയും മക്കളും പതിവുപോലെ ഞായറാഴ്ച രാത്രി പത്തുമണിക്ക് ഉറങ്ങാൻ കിടന്നു. ഉറക്കം പിടിച്ചപ്പോൾ തീരത്ത് നിന്ന് ഉഗ്രശബ്ദം. അപ്പോൾ സമയം പത്തര. പുറത്ത് ശക്തമായ കാറ്റും മഴയും.
തീരത്തേക്ക് നോക്കിയപ്പോൾ എന്താ തിരയ്ക്കൊപ്പം പൊങ്ങി ഉയരുന്നു. പേടിച്ച ശാലിനിയും മക്കളും ഓടി അടുത്ത വീട്ടിലെത്തി. അപ്പോഴേക്കും ശബ്ദം കേട്ട് മറ്റുള്ള വീട്ടുകാരും ഉണർന്നിരുന്നു. പ്രദേശവാസികൾ കടൽ തീരത്ത് ചെന്ന് നോക്കുമ്പോൾ കൂറ്റൻ കണ്ടെയ്നർ പാറക്കെട്ടിൽ ഇടിച്ച് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. നാട്ടുകാർ അപ്പോൾ തന്നെ വിവരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസിനെ അറിയിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും പാഞ്ഞെത്തി സർക്കിൾ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എത്തിയ പൊസീസംഘം ഇവിടം സുരക്ഷ വലയത്തിലാക്കി.
പൊലീസിന്റെ പരിശോധനയിൽ കണ്ടെയ്നറിൽ ഒന്നും ഇല്ലെന്ന് കണ്ടെത്തി. രാത്രിയിൽ തന്നെ സി.ആർ.മഹേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവിദാസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. നേരം പുലർന്നപ്പോഴേക്കും മറ്റൊരു കണ്ടെയ്നർ കൂടി തീരത്തേക്ക് വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. അപ്പോഴേക്കും ഇവിടം പൂർണ്ണമായും പൊലീസിന്റെ നിയന്ത്രണത്തിലായി. ആരെയും തീരത്തേക്ക് കടത്തിവിട്ടില്ല.
രണ്ടാമത്തെ കണ്ടെയ്നർ രാവിലെ
ഇന്നലെ രാവിലെ 9 ഓടെയാണ് രണ്ടാമത്തെ കണ്ടെയ്നർ ചെറിയഴീക്കലിൽ അടിഞ്ഞത്. തീരത്തെ പാറക്കൂട്ടത്തിൽ വന്നിടിച്ച കണ്ടെയ്നറിന്റെ പിന്നിലെ വാതിൽ തകർന്നു. ഇതിൽ നിന്ന് പ്ലാസ്റ്റിക്ക് കെട്ടുകൾ കടലിൽ പതിച്ച് ഒഴുകിത്തുടങ്ങി. ശക്തമായ തിരകളിൽ പെട്ട് കുറെ കെട്ടുകൾ കരയ്ക്ക് പതിച്ചു. പരിശോധനയിൽ കെട്ടുകൾ മുറിവിൽ വച്ചുകെട്ടുന്ന ബാന്റേജാണെന്ന് മനസിലായതോടെയാണ് നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും സമാധാനമായത്. രാവിലെ 11 ഓടെ ആലപ്പാട് തലസ്ഥാനം എന്നറിയിപ്പെടുന്ന സ്ഥലത്ത് നിന്ന് രണ്ട് ലിറ്റർ വരുന്ന പ്ലാസ്റ്റിക് കാനിൽ ദ്രാവകം കണ്ടെത്തി. ഇത് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ സൂക്ഷിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കസ്റ്റംസിന്റെ സംഘം ചെറിയഴീക്കലിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടർ തീരുമാനം എടുക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |