ചാത്തന്നൂർ: ചാത്തന്നൂർ, പാരിപ്പള്ളി, ചിറക്കര, മേഖലകളിൽ നാശം വിതച്ച് മഴയും കാറ്റും. റോഡുകൾക്ക് കുറുകെ മരം വീണും വൈദ്യുതി തൂണുകൾ തകർന്നും വൈദ്യുതി വിതരണം തടസപ്പെട്ടു. ഗതാഗതവും താറുമാറായി. പാരിപ്പള്ളി മടത്തറ പാതയിൽ കുളമട ജംഗ്ഷന് സമീപം പാതയോരത്ത് നിന്ന മരം രാവിലെ പതിനൊന്നരയോടെ പാതയ്ക് കുറുകെ ഒടിഞ്ഞുവീണ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.
ചാത്തന്നൂർ ജംഗ്ഷനിൽ ദേശീയപാതയിലെ വലിയ കുഴിയിൽ കെ.എസ്.ആർ.ടി.സി ബസ് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ കുഴിയിൽ കച്ചിവണ്ടി വീണിരുന്നു. ഉളിയനാട് മേലതിൽ കാവിന് സമീപം മരം ഇലക്ട്രിക് കമ്പിയിൽ വീണ് വൈദ്യുതി തടസപ്പെട്ടു. ചിറക്കര താഴം ഏലായ്ക്ക് സമീപം വലിയ തേക്ക് വൈദ്യുതി കമ്പിയിൽ തൂണ് ഒടിഞ്ഞ് റോഡിന് കുറുകേ വീണ് ഗതാഗതം തടസപ്പെട്ടു. ചിറക്കര, ഉളിയനാട്, ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി പ്രദേശങ്ങളിൽ പല സ്ഥലത്തും മണിക്കൂറുകൾ വൈദ്യുതി തടസം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |