അബുദാബി: അത്യുഷ്‌ണം സഹിക്കാനാവാതെ യുഎഇയിലെ ജനങ്ങൾ. ഒരു ദശാബ്‌ദത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. 51.6 ഡിഗ്രി സെൽഷ്യസാണ് യുഎഇയിൽ ഈ ആഴ്‌ച രേഖപ്പെടുത്തിയ താപനില. ഇതിന് മുമ്പ് 2009 മേയ് മാസത്തിലാണ് 50.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രാജ്യത്തുടനീളമുള്ള ജനങ്ങൾ അവരുടെ ദിനചര്യയിൽ പോലും മാറ്റങ്ങൾ വരുത്തിത്തുടങ്ങി. പകൽ അസഹനീയമായ ചൂടായതിനാൽ അതിനെ മറികടക്കാനായി പലരും വീടിനുള്ളിൽ തന്നെ തുടരുന്നു. താരതമ്യേന ചൂട് കുറയുന്ന രാത്രി കാലങ്ങളിലാണ് ഇവർ പുറത്തേക്കിറങ്ങുന്നത്. വേനൽക്കാലം മുമ്പത്തെക്കാൾ നേരത്തെയും തീവ്രവുമായാണ് എത്തിയിരിക്കുന്നത്. മരുഭൂമിക്ക് സമാനമെന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്.
'മുമ്പ് ജോലിക്ക് പോകുന്നതിന് മുമ്പ് എന്നും രാവിലെ ഞാൻ നടക്കാനിറങ്ങുമായിരുന്നു. എന്നാൽ, ഇപ്പോൾ രാത്രി ഒമ്പത് മണി കഴിഞ്ഞാൽ പോലും പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാൻ കഴിയില്ല. ഇപ്പോൾ കുട്ടികൾ ഉറങ്ങിയ ശേഷം ഞങ്ങൾ ബീച്ചിനരികിലേക്ക് പോകാറുണ്ട്. അവിടം ശാന്തമാണ്. രാത്രിയായാൽ നല്ല കാറ്റുമുണ്ട്. ഈ ചൂടിൽ വെന്തുരുകാതെ ഇരിക്കാൻ പറ്റിയ സമയം അതുമാത്രമാണ്. ഇപ്പോൾ രാത്രി ബീച്ച് സജീവമാണ്. ആളുകൾ ജോഗിംഗ് ചെയ്യുന്നു, കുട്ടികൾ കളിക്കുന്നു. മുമ്പ് പകൽ സമയത്ത് ചെയ്‌തിരുന്ന കാര്യങ്ങളെല്ലാം ആളുകൾ രാത്രിയാണ് ചെയ്യുന്നത്'- എന്നാണ് പ്രവാസിയായ ഒരു യുവതി പറഞ്ഞത്.
'രാത്രി കാലത്ത് ഇപ്പോൾ നല്ല തിരക്കാണ്. രാത്രി പത്ത് മണിക്ക് ശേഷമാണ് ആളുകൾ പുറത്തേക്കിറങ്ങുന്നത്. കുടുംബസമേതം നിരവധിപേർ നിരത്തിലിറങ്ങുന്നത് കാണാം. എല്ലാവരും ഈ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് തുടങ്ങിയെന്ന് തോന്നുന്നു. തികച്ചും വ്യത്യസ്‌തമായ അന്തരീക്ഷമാണിപ്പോൾ. പകൽ സമയത്ത് എല്ലായിടത്തും തിരക്ക് കുറവാണ്'- ഷാർജയിൽ താമസിക്കുന്ന ജോർദാൻ സ്വദേശിയായ 32കാരൻ അലി മിത്‌നൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |