കൊച്ചി: അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായ മലയാളി കലാകാരൻ സെർബിയയിലും തുർക്കിയിലും മാറ്റുരയ്ക്കും. 2007ൽ തുർക്കിയിൽനിന്ന് കാർട്ടൂൺ കലയിലെ ഓസ്‌കാർ അവാർഡ് നേടി ശ്രദ്ധേയനായ സി.ബി. ഷിബു ആണ് ചെറായിൽ ഒതുങ്ങി ജീവിക്കുന്നത്.
അംഗീകാരങ്ങളുടെ വലിയൊരു പട്ടികതന്നെ ഷിബുവിന് സ്വന്തം. 2010ൽ സൗത്ത് കൊറിയയിൽ നിന്ന് ഓണറബിൾ ബഹുമതി, 2018ൽ തുർക്കിയിൽനിന്ന് 'ഔർ ഹെറിറ്റേജ് ജറുസലേം ഇന്റർനാഷണൽ കാർട്ടൂൺ അവാർഡ്', 2022ൽ ഏഥൻസിലെ ഡാഫ്‌നിയ്മിറ്റോസ് മുനിസിപ്പാലിറ്റിയുടെ മെറിറ്റ് അവാർഡ്, അതേ വർഷം തന്നെ ചൈനയിൽനിന്ന് വെള്ളി മെഡൽ, 2023ൽ ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര ഉമോറിസ്‌മോ നെൽ ആർട്ട് ബിനാലെയിൽ രണ്ടാം സ്ഥാനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങൾ.
കാർട്ടൂണിൽ ഓസ്കാർ
തുർക്കിയിലെ അയഡിൻ ഡോഗൻ അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഷിബു കാർട്ടൂൺ കലയിലെ ഓസ്‌കാർ ബഹുമതി നേടിയത്. ഈ ബഹുമതി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഷിബു. ആഗോളതാപനം വിഷയമാക്കി പേനയും ജലച്ഛായവും ഉപയോഗിച്ച് വരച്ച 'ദ ട്രീ' എന്ന ചിത്രത്തിനാണ് ചൈനയിൽനിന്ന് 20,000 ചൈനീസ് യുവാനും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്.
ചൈന, സൗത്ത് കൊറിയ, ഇറ്റലി, ബെൽജിയം, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ ഷിബുവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കലാരംഗത്തെ അംഗീകാരങ്ങളും നേട്ടങ്ങളും മാനിച്ച് എറണാകുളം ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലും ഫൈൻ ആർട്ട് ഡിപ്ലോമ നേടിയിട്ടുണ്ട്. ചെറിയപാടത്ത് പരേതനായ സി.എൻ. ബാലന്റെയും ശാന്താമണിയുടെയും മകനായ സി.ബി. ഷിബു ചിത്രകാരനും ഫോട്ടോഗ്രഫറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |