കോഴിക്കോട്: കലിതുള്ളിപെയ്ത മഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ കനത്ത നാശം. മലയോര മേഖലകളിലുൾപ്പെടെ മഴ ശക്തിയായി തുടരുകയാണ്. വിവിധയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു. കല്ലായിക്കു സമീപം റെയിൽവേ ട്രാക്കിൽ മരം മുറിഞ്ഞുവീണത് ട്രെയിൻ സർവീസിനെ സാരമായി ബാധിച്ചു. നഗരത്തിൽ അഴകൊടി ദേവീ ക്ഷേത്രം റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം ശക്തമായ കാറ്റിൽ മരങ്ങൾ വീണത് ഗതാഗതത്തെയും ബാധിച്ചു. മലയോര മേഖലയിലുൾപ്പെടെ മഴ ശക്തമായി പെയ്യുകയാണ്. വെെദ്യുതി ലെെനുകൾ തകർന്നത് വെെദ്യുതി വിതരണം തടസപ്പെടുത്തി.
ഇന്നലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ രേഖപ്പെടുത്തിയ മഴയുടെ അളവ്
കോഴിക്കോട് - 3.5 മി.മി
കുന്ദമംഗലം - 23 മി.മി
ഉറുമി - 7.5 മി.മി
വടകര - 16 മി.മി
വിലങ്ങാട് - 1 മി.മി
കക്കയം റിസർവോയറിൽ ഉയർന്ന ജലനിരപ്പ്
കക്കയം റിസർവോയറിൽ ഇന്നലെ 2473. 3 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന ജലനിരപ്പാണ് ഇത്. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പൂനൂർ പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കോരപ്പുഴയിൽ പ്രളയ സാധ്യത മുന്നറിയിപ്പ് , ഓറഞ്ച് അലർട്ട്
ജില്ലയിലെ വിവിധ താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 151 പേർ
താലൂക്ക് - ക്യാമ്പ് (എണ്ണം) - താമസിക്കുന്നവർ
കോഴിക്കോട് - 2 - 30
വടകര - 1 - 119
കൊയിലാണ്ടി - 1 - 2
കെ.എസ്.ഇ.ബിയുടെ നഷ്ടം 1.85 കോടി
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്കുണ്ടായത് 60 ലക്ഷം രൂപയുടെ നഷ്ടം. കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ വിവിധ ഇടങ്ങളിലായി 130 എല്‍.ടി പോളുകളും 15 എച്ച്.ടി പോളുകളും തകര്‍ന്നു. മരം വീണും മറ്റും 400 എല്‍.ടി കണ്ടക്ടറുകളും 10 എച്ച്.ടി കണ്ടക്ടറുകളും തകരാറിലായി. ഇതേത്തുടര്‍ന്ന് 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വടകര സര്‍ക്കിളില്‍ ഇന്നലെ മാത്രം 175 എല്‍.ടി പോളുകളും 10 എച്ച്.ടി പോളുകളും തകര്‍ന്നു. 700 എല്‍.ടി കണ്ടക്ടറുകളാണ് ഇന്നലെ തകരാറിലായത്. കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ജില്ലയിലെ രണ്ട് സര്‍ക്കിളുകളിലുമായി 1.85 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
പാൽചുരം റോഡിൽ മണ്ണിടിച്ചിൽ:
വാഹന ഗതാഗതം നിലച്ചു
മാനന്തവാടി: വയനാടിനെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാൽചുരം ചുരം റോഡിൽ മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് ഇതുവഴിയുളള വാഹനഗതാഗതം നിലച്ചു. പേര്യ ചുരം വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. പാൽചുരം റോഡിൽ ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തടസം നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് ഇവിടെ പെയ്തത്. വയനാട്ടിൽ നിന്നും കണ്ണൂർ ജില്ലയിൽ നിന്നുളള വാഹനങ്ങളിൽ ഏറിയ പങ്കും പാൽചുരം ചുരം റോഡ് വഴിയാണ് കടന്നുപോകുന്നത്. കാലവർഷം ആരംഭിച്ചതോടെ വളരെ അപകടം നിറഞ്ഞ പാതയായി ഇത് മാറിയിട്ടുണ്ട്.
പാളത്തിൽ മരങ്ങൾ വീണു;
താറുമാറായി റെയിൽവേ ഗതാഗതം
കോഴിക്കോട്: തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി രണ്ടിടത്ത് പാളങ്ങളിൽ മരം മുറിഞ്ഞുവീണതോടെ താറുമാറായി റെയിൽവേ ഗതാഗതം. മാത്തോട്ടത്ത് തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും പാളത്തിൽ വീണ മരങ്ങളും വീടിന്റെ മേൽക്കൂരയുടെ ഇരുമ്പു ഷീറ്റും വൈദ്യുത പോസ്റ്റിനും ലൈനിനും കേടുപാടുണ്ടാക്കി. ഇന്നലെ രാവിലെ കല്ലായിക്കും ഫറോക്കിനുമിടയിൽ വീണ്ടും റെയിൽവേ ട്രാക്കിലെ വെെദ്യുതിലെെനിൽ വീണ്ടും മരം മുറിഞ്ഞി വീണത് പ്രശ്നം രൂക്ഷമാക്കി. നല്ലളം ഡീസൽ പ്ലാൻ്റ് വളപ്പിലെ മരങ്ങൾ വൈദ്യുതി ലൈനിന് മുകളിലൂടെ ട്രാക്കിലേക്ക് വീണത്. 25,000 വാൾട്ട് ലൈനിന് മുകളിലേക്കാണ് മരം വീണത്. എക്വാഷ്യാ, ബദർ എന്നീ മരങ്ങളാണ് വീണത്. തിരൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഇലക്ട്രിക് ട്രാക്ഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും സിനിയർ എൻജിനീയർമാർ സ്ഥലത്തെത്തിയ ശേഷമാണ് മരങ്ങൾ മുറിച്ച് നീക്കിയത്. ശേഷം റെയിൽവേ കവർ കാർ എത്തി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. മീഞ്ചന്ത ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങൾ, നാട്ടുകാർ,റെയിൽവേ പൊലീസ് എന്നിവർ ചേർന്നാണ് മരങ്ങൾ നീക്കം ചെയ്തത്. മഴക്കാലത്തിന് മുന്നോടിയായി റെയിൽവെ ട്രാക്കുകളുടെ സമീപത്തായി താമസിക്കുന്നവർക്കും നല്ലളം ഡീസൽ പ്ലാൻ്റ് അധികൃതർക്കും റെയിൽവെ ട്രാക്കിന് ഭീഷണിയായ മരങ്ങൾ മുറിച്ച് നീക്കുവാൻ റെയിൽവെ അധികൃതർ മുൻകൂട്ടി നോട്ടീസ് നൽകിയതായി കോഴിക്കോട് സ്റ്റേഷൻ മാനേജർ പി.കെ ഹരീഷ് അറിയിച്ചു.
അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര മണിക്കൂറുകളോളം വെെകി. തിങ്കളാഴ്ച രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ് എത്തിയത് പുലർച്ചെ 5.45 ഓടെയാണ്. ഇന്നലെ പുലർച്ചെ ആറിന് കോഴിക്കോട് എത്തേണ്ട തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് ഇവിടെയെത്തിയത് രാവിലെ 11നാണ്. ഇതോടെ ഇന്നലെ ഉച്ചവരെ വലിയ തിരക്കാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടത്. സാധനങ്ങളെല്ലാം ക്ലോക്ക് റൂമിൽ സൂക്ഷിച്ച് യാത്രക്കാരിൽ പലരും സ്റ്റേഷന് പുറത്തേക്ക് പോയി.
വെെകിയോടിയ ട്രെയിനുകൾ
കണ്ണൂർ -കോയമ്പത്തൂർ എക്സ്പ്രസ് , കണ്ണൂർ - ഷൊർണൂർ സ്പെഷ്യൽ ട്രെയിൻ, തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്,
കോയമ്പത്തൂർ- മംഗലാപുരം ഇന്റർസിറ്റി, മംഗലാപുരം- തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത്, നിസാമുദ്ദീൻ - ഏറണാകുളം മംഗള എക്സ്പ്രസ്, അമൃത് സർ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
വിലങ്ങാട് വീണ്ടും മണ്ണിടിച്ചൽ: അപകട ഭീഷണിയിൽ വീട്
നാദാപുരം: കനത്ത മഴയിൽ വിലങ്ങാട് വീണ്ടും മണ്ണിടിച്ചൽ. വീട് അപകട ഭീഷണിയിലായി. വിലങ്ങാട് പാലൂരിലെ പുലി കുത്തിയിൽ ഷാജിയുടെ വീടിന് പിൻ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് വീടിന് വിള്ളൽ വീണിട്ടുണ്ട്.
തീരദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു
വടകര: കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് തീരദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. കസ്റ്റംസ് റോഡ് ചെറിയവളപ്പിൽ ഭാഗത്ത് ചെറിയത്ത് കുഞ്ഞാമി, ചെറിയവളപ്പിൽ ജുബില, ആഷിർ സിവി ചെറിയവളപ്പിൽ, വളപ്പിൽ സലാം, ജുബില ചെറിയവളപ്പിൽ, എന്നിവരെയാണ് മാറ്റി താമസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |