തൃശൂർ: ഇടത് ഐക്യത്തിന് ശക്തിപകരാൻ കച്ചമുറുക്കി അങ്കത്തട്ടിൽ സി.പി.ഐ. നൂറാം ജന്മശതാബ്ദ വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് കുടുംബസംഗമം ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളം മുഴക്കിയത് പോലെയായി. കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കളും കൊച്ചുമക്കളുമെല്ലാം എത്തിയതോടെ സംഗമവേദിയായ ടൗൺഹാൾ നിറഞ്ഞുകവിഞ്ഞു.
എങ്ങനെയും മാറാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവകാശമില്ലെന്നും കാലത്തിനനുസരിച്ച് മാറുന്നുവെന്ന് പറഞ്ഞാലും അതിനൊരു ലക്ഷ്മണരേഖയുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. കേരളത്തിൽ ഇപ്പോഴത്തെ സർക്കാരിന് കുറവുകൾ ഉണ്ടായേക്കാം. അത് സി.പി.ഐ പറഞ്ഞെന്ന് വരും. എന്നുകരുതി, ഈ സർക്കാരിനെ ദുർബലപ്പെടുത്തുന്ന ഒന്നും ചെയ്യില്ലെന്നും ഇന്ത്യക്ക് വഴികാട്ടിയാണ് കേരളമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മുൻനിര നേതാക്കളുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേര് ചൊല്ലിവിളിച്ച് സ്വാഗതം ആശംസിച്ചായിരുന്നു കുടുംബസംഗമം തുടങ്ങിയത്. തൃശൂരിൽ സി.പി.ഐയെ കെട്ടിപ്പടുത്ത മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ മകൻ ഡോ. സി.രാമൻകുട്ടി ഉൾപ്പെടെയുള്ളവർ സംഗമത്തിനെത്തി.
ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷനായി. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, ദേശീയ കൗൺസിൽ അംഗങ്ങളായ മന്ത്രി കെ.രാജൻ, രാജാജി മാത്യു തോമസ്, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ.ജയദേവൻ, എ.കെ.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, ഷീല വിജയകുമാർ, കെ.പി.സന്ദീപ്, രാകേഷ് കണിയാംപറമ്പിൽ, കെ.ജി.ശിവാനന്ദൻ, ഷീന പറയങ്ങാട്ടിൽ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ടി.ആർ.രമേഷ്‌കുമാർ, കെ.ബി.സുമേഷ് എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ സമ്മേളന ലോഗോ സംഗമത്തിൽ പ്രകാശനം ചെയ്തു.
ഇന്നലെ ഉച്ചയ്ക്കുശേഷം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം ചരിത്രമുന്നേറ്റങ്ങൾ, തുടർച്ച എന്ന വിഷയത്തിൽ നടന്ന സെമിനാർ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. വത്സലൻ വാതുശ്ശേരി, കരിവെള്ളൂർ മുരളി എന്നിവർ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് സ്വാഗതവും സോമൻ താമരക്കുളം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |