കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാത്തട്ടിപ്പ് കേസിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രം തൃപ്‌തികരമാണെങ്കിലും ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ രാഷ്ട്രീയ നേതാക്കളെയടക്കം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് പരാതിക്കാരനായ എം.വി.സുരേഷ്. തനിക്കെതിരെ വധഭീഷണി തുടരുകയാണെന്നും പറഞ്ഞു.
കുറ്റപത്രത്തിലെ പ്രതികൾക്ക് പുറമെ കൂടുതൽ നേതാക്കളും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും തട്ടിപ്പിൽ പങ്കാളികളാണ്. കള്ളപ്പണയിടപാടാണ് ഇ.ഡി അന്വേഷിച്ചത്. തട്ടിപ്പ് ആസൂത്രണം ചെയ്‌തവരും ഒത്താശ നൽകിയവരുമായ നിരവധി നേതാക്കൾ പുറത്തുണ്ട്. ഇവരെയും പിടികൂടാൻ സി.ബി.ഐ അന്വേഷിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു.
ബാങ്കിന്റെ എക്‌സ്റ്റൻഷൻ കൗണ്ടറിൽ മാനേജരായിരുന്ന കരുവന്നൂർ സ്വദേശി സുരേഷ് സി.പി.എം പ്രവർത്തകനായിരുന്നു. ഇദ്ദേഹം നൽകിയ പരാതികളിലാണ് വായ്‌പാതട്ടിപ്പ് പുറത്തുവന്നത്. പരാതി നൽകിയതിന് സുരേഷിനെ ബാങ്കിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുരേഷ് ഇപ്പോൾ ബി.ജെ.പി അനുഭാവിയാണ്.
പ്രതികൾക്ക് നോട്ടീസ് നൽകും
കരുവന്നൂർ തട്ടിപ്പിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ കള്ളപ്പണ നിരോധന നിയമം പരിഗണിക്കുന്ന കോടതി നടപടി ആരംഭിച്ചു. കുറ്റപത്രം സൂക്ഷ്‌മമായി വിലയിരുത്തിയശേഷം പ്രതികൾക്ക് ഹാജരാകാൻ നോട്ടീസ് നൽകും. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകിയശേഷം വിചാരണ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |