കൊല്ലം: മാരകമായ ലഹരി ഉൾപ്പടെ സുലഭമായ ഇടമായി കേരളം മാറുമ്പോഴും ലഹരിക്കെതിരെ ജാഗരൂകരാകേണ്ട എക്സൈസ് വകുപ്പിൽ കാലാനുസൃത മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. എക്സൈസ് കമ്മിഷണർ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെയുള്ള ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം അയ്യായിരത്തിൽപ്പരം മാത്രമാണ്.
കേരളത്തിലെ പൊലീസ് ഉൾപ്പടെയുള്ള എല്ലാ വകുപ്പുകളിലും മിനിസ്റ്റീരിയൽ വിഭാഗമുണ്ട്. എന്നാൽ എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിന്റെ ജോലികൂടി ശാരീരികക്ഷമതാ പരിശീലനം നേടിയ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ നോക്കേണ്ട സ്ഥിതിയാണ്. എക്സൈസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിച്ച് വിമുക്തി ബോധവത്കരണ പദ്ധതി ആരോഗ്യവകുപ്പിനോ, സാമൂഹികക്ഷേമ വകുപ്പിനോ കൈമാറുകയും ചെയ്യുന്ന പക്ഷം എക്സൈസ് വകുപ്പിൽ എൻഫോഴ്സ് മെന്റ് പ്രവർത്തനത്തിനായി നിലവിലുള്ള സ്ട്രെംഗ്തിന്റെ നാലിലൊന്ന് ജീവനക്കാരെ കൂടി ലഭിക്കുകയും ലഹരിക്കെതിരെ കർശനമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയും ചെയ്യും.
ആവശ്യങ്ങൾക്ക് ആണ്ടുകളുടെ പഴക്കം
1. ആളെണ്ണം വർദ്ധിപ്പിക്കുക
2. വാഹന സൗകര്യം വർദ്ധിപ്പിക്കുക
3. കുറ്റകൃത്യങ്ങൾ കൂടുതലുള്ള റേഞ്ചുകൾ വിഭജിക്കുക
4. മിനിസ്റ്റീരിയൽ വിഭാഗം രൂപീകരിക്കുക
5 പൂർണ തോതിൽ എൻഫോഴ്‌സ്മെന്റ് പ്രവർത്തനം നടത്തുന്നതിന് താലൂക്ക് തലത്തിൽ എക്സൈസ് അസി.കമ്മിഷണർ ഓഫീസുകൾ രൂപീകരിക്കുക
6. ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥരെ പൂർണമായും ഫീൽഡിലേക്ക് നിയോഗിക്കുക
7. കേരളത്തിൽ ആകെ മൂന്ന് സോണുകളിൽ മാത്രം പ്രവർത്തിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ച് പ്രവർത്തനം ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കുക
1964ലെ മാനദണ്ഡം
1964ൽ രൂപീകരിച്ച മാനദണ്ഡങ്ങൾ തന്നെയാണ് വകുപ്പിൽ ഇപ്പോഴും തുടരുന്നത്. ആകെയുള്ള സ്ട്രെംഗ്തിന്റെ 15 ശതമാനത്തോളം ഉദ്യോഗസ്ഥർ എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്, ജില്ലാ ആസ്ഥാനങ്ങൾ, സോണൽ ആസ്ഥാനങ്ങൾ, ഡിസ്റ്റിലറികൾ, ബ്റൂവറികൾ, വെയർ ഹൗസുകൾ, ഫാർമസികൾ എന്നിവിടങ്ങളിലായി ഓഫീസ് ജോലികൾ ചെയ്തുവരുന്നു. നിലവിൽ ഒരു സേനാ വിഭാഗമായി പോലും എക്സൈസ് വകുപ്പിനെ പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |