കൊല്ലം: അറബിക്കടലിൽ മറിഞ്ഞ കപ്പലിൽ നിന്ന് ഒഴുകി കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി കൊല്ലം പോർട്ടിൽ എത്തിക്കാൻ തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്ന് രക്ഷകൻ ബോട്ടിൽ രക്ഷകരെത്തി. മുതലപ്പൊഴി സ്വദേശിയായ മത്സ്യത്തൊഴിലാളി ജിബിന്റെ നേതൃത്വത്തിൽ പന്ത്രണ്ടംഗം സംഘമാണ് എത്തിയിരിക്കുന്നത്.
കടലിൽ ബോട്ടുകളും വള്ളങ്ങളും മറിയുമ്പോൾ സ്വയം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരാണ് മുതലപ്പൊഴിയിലെ ഈ പന്ത്രണ്ടസംഘം. ഇങ്ങനെ നിരവധി പേരുടെ ജീവൻ ഇവർ രക്ഷിച്ചിട്ടുണ്ട്. ഓഖി ദുരന്തകാലത്ത് സ്വന്തം പ്രാണൻ പണയംവച്ചാണ് ഇവർ ആഴക്കടലിൽ രക്ഷാ പ്രവർത്തനം നടത്തിയത്. രക്ഷകൻ എന്ന പേരുള്ള ബോട്ടിന് പുറമേ ഇതേ പേരിൽ തന്നെയുള്ള രണ്ട് വള്ളങ്ങളും ഇവർ കൊണ്ടുവന്നിട്ടുണ്ട്. മുങ്ങിയ കപ്പലായ എം.എസ്.സി എൽസ-3യിലെ കണ്ടെയ്നറുകൾ പോർട്ടിലെത്തിക്കാൻ കരാർ നൽകിയ വാട്ടർലൈൻ കമ്പനിയുടെ നിർദ്ദേശ പ്രകാരമാണ് ഇവർ വന്നത്. ഇന്നലെ രാവിലെ ഇവർ കൊല്ലത്തെ തീരക്കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഒഴുകി നടക്കുന്ന കണ്ടെയ്നറുകളൊന്നും കണ്ടില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ കടലിലൂടെ വലിച്ചുകൊണ്ടുപോകാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നർ മുറിച്ച് ലോറിയിൽ കയറ്റി പോർട്ടിലെത്തിക്കാനുള്ള ദൗത്യത്തിൽ സഹായിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |