കൊച്ചി: പണ്ഡിത് രമേശ് നാരായണനൊപ്പം ഗസൽ അവതരിപ്പിച്ച വിദ്യാർത്ഥിയായ ഇഷാൻ ബിജുവിനെ തേടി അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭാവിവാഗ്ദാനമെന്ന വിശേഷണമാണ് ഗസൽ അവതരിപ്പിച്ച വേദികളിൽ ആസ്വാദകർ ഇഷാന് നൽകുന്നത്. സംഗീത പാരമ്പര്യമുള്ള കുടുംബാംഗമാണ് പ്ളസ് ടു പൂർത്തിയാക്കിയ ഇഷാൻ.
ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് രമേശ് നാരായണൻ, മകൾ മധുശ്രീ നാരായൺ എന്നിവർക്കൊപ്പം ഇഷാൻ ഗസൽ അവതരിപ്പിച്ചത്. പ്യാർ ബരേ ദോ ഷർമിലേനായിൻ..... എന്ന മെഹന്ദി ഹസന്റെ ഗസൽ ആലപിച്ച ഇഷാനെ കൈയടികളോടെയാണ് ആസ്വാദകർ സ്വീകരിച്ചത്.
ഇഷാന്റെ പാട്ട് മുമ്പ് കേൾക്കാനിടയായ രമേശ് നാരായണൻ ഒപ്പം പാടാൻ ക്ഷണിക്കുകയായിരുന്നു.
കർണാടിക് സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇഷാൻ ഹിന്ദുസ്ഥാനിയാണ് തിരഞ്ഞെടുത്തത്. നാലുവർഷമായി ന്യൂമുംബയിലെ അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയ മണ്ഡലിലാണ് സംഗീതം പഠിക്കുന്നത്. ഗസൽ മാന്ത്രികൻ പണ്ഡിത് ജസ്‌രാജ് സ്ഥാപിച്ച മേവതി സ്വാതി ഖരാനയിലെ ഗായകൻ വിജയ് സുരേന്റെ ശിഷ്യനാണ് ഇഷാൻ.
ഗായകൻ കൂടിയായ നേത്രരോഗവിദ്ധൻ ഡോ. എൻ.എസ്.ഡി രാജുവിന്റെ ചെറുമകനും ഡോ. ബിജു രാജുവിന്റെ മകനുമാണ് ഇഷാൻ. അമ്മൂമ്മ മണി രാജുവും അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയാണ്. അച്ഛൻ ബിജു ഗായകനും ഉപകരണസംഗീത വിദഗ്ദ്ധനുമാണ്.
കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്താണ് പൊതുവേദിയിൽ ആദ്യമായി ഗസൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലം കല്ലമ്പലത്തും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും ഗസൽ അവതരിപ്പിച്ചു. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി, ഗസൽ ഗായകനായി മാറണമെന്നാണ് ഇഷാന്റെ ലക്ഷ്യം.
ഹിന്ദുസ്ഥാനിയിലെ ആദ്യ മൂന്നുതലങ്ങളും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. മദ്ധ്യമ പ്രധം പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്.
ഇഷാൻ ബിജു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |