കൊച്ചി: നിർമ്മാണ പിഴവിനാൽ പൊളിച്ചു മാറ്റേണ്ട വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ച് ആർമി ടവറുകളിലെ 82 ഉടമകൾ പുനർനിർമ്മിക്കുന്ന ഫ്ളാറ്റിന് പകരം തങ്ങൾക്ക് പണം മതിയെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ച യോഗത്തിലാണ് ചന്ദേർകുഞ്ജ് ആർമി ടവർ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഫ്ളാറ്റുടമകളുമായി കൂടിയാലോചനകൾ നടത്തി വ്യവസ്ഥകൾ നിശ്ചയിച്ച് അറിയിക്കാൻ ഫ്ളാറ്റ് നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ) മേയ് രണ്ടിന് ജില്ലാ കളക്ടർ കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
നിർമ്മിച്ച് ആറാം വർഷം തകർച്ചാ ഭീഷണിയിലായ ആർമി ടവർ സമുച്ചയത്തിലെ ബി, സി ടവറുകളാണ് ഉടനെ പൊളിച്ചുമാറ്റാൻ പോകുന്നത്. ഹൈക്കോടതി നിയോഗിച്ച ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതി ഒഴിപ്പിക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. 29 നിലകളുള്ള രണ്ട് ടവറുകളിലുമായി ആകെ 208 ഫ്ളാറ്റുകളുണ്ട്. ഇതിൽ ഫ്ളാറ്റുകൾ വേണ്ടെന്ന് അസോസിയേഷനെ അറിയിച്ച 82 പേരുടെ പേരുവിവരങ്ങൾ സമിതിക്ക് കൈമാറിയിട്ടില്ല. കരസേനയുടെയും നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും ഫ്ളാറ്റുടമകളാണ്. ഇവരിൽ ചിലർ ഫ്ളാറ്റ് മടക്കി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
കളക്ടറുടെ യോഗത്തിലെ തീരുമാനങ്ങൾ
• ജൂൺ 30നകം ഒഴിപ്പിക്കൽ പൂർത്തിയാക്കണം.
• താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനും പൊളിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും വേണ്ട ചെലവുകളും എ.ഡബ്ല്യു.എച്ച്.ഒ വഹിക്കണം.
• കോടതിയുടെ ഉത്തരവിന് ശേഷം വാടകത്തുക നിശ്ചയിക്കും
• ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തവർക്കും ഒഴിച്ചിട്ടിരുന്നവർക്കും മാറി താമസിക്കുന്നതിന് വാടക നൽകില്ല
• ബൈ ബാക്ക് പാക്കേജ് വ്യവസ്ഥകൾ എ.ഡബ്ല്യു.എച്ച്.ഒ അടുത്ത മീറ്റിംഗിൽ വ്യക്തമാക്കണം
• ഒഴിയാനുള്ള ചെലവിലേക്കായി എല്ലാ താമസക്കാർക്കും 30,000 രൂപ വീതം എ.ഡബ്ല്യു.എച്ച്.ഒ നൽകണം
• പുതിയ നിർമ്മാണത്തിന് വേണ്ട അനുമതികൾ വിവിധ വകുപ്പുകളിൽ നിന്ന് നേടേണ്ടതും എ.ഡബ്ല്യു.എച്ച്.ഒയുടെ ചുമതല.
• അഴിമതിയുടെ ഇരകളായത് സൈനികർ
കരസേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ.ഡബ്ല്യു.എച്ച്.ഒ സൈനികർക്കും വിമുക്തഭടന്മാർക്കും വേണ്ടി കുറഞ്ഞ ചെലവിൽ പാർപ്പിടങ്ങൾ നിർമ്മിക്കുന്ന സംവിധാനമാണ്. കരസേനയുടെ ഉന്നത ഉദ്യോഗസ്ഥരാണ് സാരഥികൾ. രാജ്യമെമ്പാടും ഇവർക്ക് പദ്ധതികളുണ്ട്. അഴിമതിയുടെ പേരിൽ കുപ്രസിദ്ധമാണ് എ.ഡബ്ല്യു.എച്ച്.ഒ. നിർമ്മാണ പിഴവുകളും എ.ഡബ്ല്യു.എച്ച്.ഒ, ഉദ്യോഗസ്ഥരുടെ വമ്പൻ അഴിമതിയുമാണ് ടവറുകളുടെ തകർച്ചയ്ക്ക് വഴിയൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |