SignIn
Kerala Kaumudi Online
Tuesday, 08 July 2025 1.28 PM IST

ടെസ്റ്റ് ക്രിക്കറ്റിലെ തലമുറ മാറ്റം

Increase Font Size Decrease Font Size Print Page
ghill

രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും പടിയിറങ്ങിയതിനു പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തലമുറമാറ്റം സമാഗതമായിരിക്കുന്നു. രോഹിതിനു പകരം നായകനായി 25കാരനായ ശുഭ്മാൻ ഗില്ലിനെയാണ് അജിത് അഗാർക്കർ തലവനായ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. എട്ടുവർഷത്തിനു ശേഷം,​ മലയാളിയായ കരുൺ നായരെ തിരിച്ചുവിളിച്ചും സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, അർഷ്ദീപ് സിംഗ് തുടങ്ങിയ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും യശസ്വി ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറേൽ തുടങ്ങിയ യുവതാരങ്ങളിൽ വിശ്വാസമർപ്പിച്ചുമാണ് അടുത്തമാസം ഇംഗ്ളണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. പരിചയസമ്പന്നരായി രവീന്ദ്ര ജഡേജയും കെ.എൽ രാഹുലും കുൽദീപ് യാദവുമുണ്ട്.

ഏറെ ആലോചനകൾക്കു ശേഷമാണ് നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ വൈസ് ക്യാപ്ടനായിരുന്ന ജസ്‌പ്രീത് ബുംറ രോഹിതിന്റെ അഭാവത്തിൽ രണ്ട് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചിരുന്നു. സ്വാഭാവികമായും ബുംറയെയാണ് ക്യാപ്ടനായി ആദ്യം പരിഗണിച്ചതും. എന്നാൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര മുഴുവനായി കളിക്കാനുള്ള ഫിറ്റ്നെസ് തനിക്കിപ്പോൾ ഇല്ലെന്ന് ബുംറ തന്നെ വ്യക്തമാക്കിയതിനാൽ മറ്റൊരാളിലേക്ക് നീങ്ങേണ്ടിവന്നു. ഗില്ലിനെക്കാൾ പരിചയസമ്പന്നരായ കെ.എൽ. രാഹുലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും സെലക്ഷൻ കമ്മറ്റിക്കു മുന്നിലുണ്ടായിരുന്നു. എന്നിട്ടും 25കാരനായ ഗില്ലിനെത്തന്നെ നായകനാക്കിയത് പല ഘടകങ്ങളും പരിഗണിച്ചാണ്. റിഷഭ് പന്താണ് ഉപനായകൻ.

ടീമിന് ഒരു പുതിയ മുഖം നൽകുക എന്നതായിരുന്നു സെലക്ടർമാരുടെ ആദ്യ പരിഗണന. വരുന്ന ഒരു ഇംഗ്ളണ്ട് പര്യടനം മാത്രം ലക്ഷ്യമിടുകയായിരുന്നെങ്കിൽ ചേതേശ്വർ പുജാരയേയും അജിങ്ക്യ രഹാനെയേയും പോലുള്ള സീനിയർ താരങ്ങളെ തിരിച്ചുവിളിച്ചേനെ. എന്നാൽ രണ്ടുവർഷം നീളുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുക എന്ന വലിയ ലക്ഷ്യത്തിനു തന്നെയാണ് പരിഗണന. കഴിഞ്ഞവർഷം സിംബാബ്‌വെ പര്യടനത്തിൽ ട്വന്റി-20 പരമ്പരയിൽ നയിച്ചതൊഴിച്ചാൽ മറ്റൊരു ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്ടനായിട്ടില്ലെങ്കിലും എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഗില്ലിന് അധിക മികവായി. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്ടനായിരിക്കുമ്പോഴും ബാറ്റർ എന്ന നിലയിൽ സമ്മർദമില്ലാതെ കളിക്കുന്ന ഗില്ലിന്റെ മറ്റൊരു ഗുണമായി കണ്ടത്,​ ഡ്രെസിംഗ് റൂമിലെ സൗഹൃദങ്ങളാണ്. ഭിന്നതകളില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോവുകയെന്ന വലിയ വെല്ലുവിളി ഗില്ലിന് നേരി‌ടാൻ കഴിയുമന്നാണ് സെലക്ടർ കരുതുന്നത്.

വിരാടും രോഹിതും അശ്വിനും പോലുള്ള പ്രതിഭകൾ പടിയിറങ്ങിയ ടീമിനെ പഴയ നിലവാരത്തിൽ നിലനിറുത്തുക നിസാരകാര്യമല്ല. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞതാണ് ശരി, വിരാടും രോഹിതും വിരമിച്ചത് വിഷമകരമാണെങ്കിലും പുതിയ താരങ്ങൾക്ക് അവസരം ലഭിക്കുകയാണല്ലോ? ആ അവസരം അവർ എത്രത്തോളം നന്നായി വിനിയോഗിക്കും എന്നതിനെ അനുസരിച്ചാകും ഇന്ത്യയു‌ടെ വിധി. ഏതു ടീമിലും തലമുറമാറ്റം അനിവാര്യമാണ്. അത് ടീമിന്റെ പ്രക‌ടനത്തെ ബാധിക്കാത്തവിധം ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിലാണ് സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും മികവ്. സൗരവ് ഗാംഗുലിയും മഹേന്ദ്ര സിംഗ് ധോണിയുമൊക്കെ ചരിത്രം സൃഷ്ടിച്ചത് ചെറുപ്പക്കാരെ ഒപ്പം കൂട്ടിയാണ്. ഇത് ഐ.പി.എൽ പോലുള്ള ട്വന്റി-20 ടൂർണമെന്റുകളിലൂടെ പണമൊഴുകുന്ന കാലമാണ്. ഇവിടെ ടെസ്റ്റ് ക്രിക്കറ്റിന് പിടിച്ചുനിൽക്കണമെങ്കിൽ മികവുറ്റ താരങ്ങളുടെ അതിഗംഭീരപ്രകടനങ്ങൾ ഉണ്ടായേ മതിയാകൂ.ഗില്ലിനും കൂട്ടർക്കും പുതിയ ചക്രവാളങ്ങൾ കീഴടക്കാൻ കഴിയട്ടെ.

TAGS: SHUBMAN, ROHIT, KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.