നടന്നത് ഉദ്ഘാടനം മാത്രം
പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള ആധുനിക അരിമില്ല് സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ആലത്തൂർ മോഡേൺ റൈസ് മില്ലിനാണ് ഈ ദുർഗതി.
സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്ന സി.എ.ജി റിപ്പോർട്ട് പുറത്തുവരുമ്പോഴാണ് ആലത്തൂരിലെ ഈ സ്ഥാപനവും ശ്രദ്ധാകേന്ദ്രമാകുന്നത്. ഉദ്ഘാടനം കഴിഞ്ഞപാടെ ചരമാവസ്ഥയിലായ സ്ഥാപനമാണിത്. 2008ൽ മൂന്നുകോടി രൂപ ചെലവിൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ആലത്തൂർ ദേശീയപാതയ്ക്ക് അരികിലുള്ള ആറേക്കറിൽ മില്ല് തുടങ്ങിയത്. പൂട്ടുവീണിട്ട് 17 വർഷം. ഇതിനിടെ പല സമയത്തായി പ്രവർത്തിപ്പിക്കാൻ ശ്രമം ഉണ്ടായെങ്കിലും ഫലപ്രദമായില്ല,
പാലക്കാട്ടെ നെല്ല് ഉത്പാദനം കേന്ദ്രീകരിച്ചിട്ടുള്ളത് ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ്. നെൽകർഷകരിൽ നിന്ന് 90 ശതമാനം നെല്ലും സംഭരിച്ച് അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറി, റേഷൻ കടകൾ വഴി സാധാരണക്കാരന് നൽകുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി 1999ൽ രൂപരേഖ തയ്യാറാക്കിയ പദ്ധതിക്ക് ആവശ്യമായ ഭൂമി 2001ൽ ഏറ്റെടുത്തുനൽകി. 2008 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ സ്ഥാപനം ഉദ്ഘാടനം ചെയ്തു.
1200 ടൺ നെല്ല് അരിയാക്കാം
പ്രതിദിനം 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാനുള്ള സൗകര്യമുണ്ടിവിടെ. മാസത്തിൽ 1200 ടൺ. ജപ്പാൻ-ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. കല്ല്, പതിര്, വൈക്കോൽ എന്നിവ നീക്കാനും നെല്ല് കുത്തിയെടുക്കുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലർ പ്രവർത്തിപ്പിക്കാനും സാധിക്കും. ബോയിലർ ഉത്പാദിപ്പിക്കുന്ന നീരാവി ഉപയോഗിച്ച് നെല്ല് പുഴുങ്ങാനും ഉണക്കാനും സംവിധാനമുണ്ട്. മില്ല് പ്രവർത്തനം തുടങ്ങിയാൽ ജില്ലയിൽ സിവിൽ സപ്ലൈസ് താങ്ങുവിലയ്ക്ക് ശേഖരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി നൽകാൻ കഴിയും. 2018ൽ കാൽ കോടി മുടക്കി അറ്റകുറ്റപ്പണി നടത്തിയ യന്ത്രങ്ങൾ ഇപ്പോൾ തുരുമ്പെടുക്കുകയാണ്.
പിന്നിൽ സ്വകാര്യ മില്ല് ലോബി
പൊതുമേഖലയിൽ അരിമില്ല് വന്നാൽ തങ്ങളുടെ നെല്ലുശേഖരണത്തിന് തടസമാകുമെന്നതിനാൽ പാലക്കാട്ടെ 40 ഓളം മില്ലുടമകളും മുൻനിര അരിക്കമ്പനികളുമാണ് സംരംഭത്തിന് തടസംനിൽക്കുന്നത്. ഉദ്യോഗസ്ഥരെ ഇവർ സ്വാധീനിച്ചതിന്റെ ഫലമായി 2001ൽ ആരംഭിച്ച പദ്ധതി പൂർത്തിയാകാൻ ഏഴുവർഷമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |