തൃശൂർ: നിറത്തിന്റെയും തടിയുടേയും പേരിൽ കളിയാക്കൽ നേരിട്ട കൂട്ടുകാരിയുടെ നോവ് വരടിയം ഗവ. യു.പി സ്കൂളിലെ ഏഴാം ക്ളാസുകാരി ഭദ്ര ഒരു നോവലാക്കി മാറ്റി. പേര് , 'ആനക്കുട്ടി അല്ല അന്നക്കുട്ടി. വർഷങ്ങളായി ആനക്കുട്ടി എന്ന വിളിപ്പേര് കേൾക്കേണ്ടി വന്ന കൂട്ടുകാരിയുടെ ഹൃദയവേദന ഈ അവധിക്കാലത്താണ് ഭദ്രയുടെ തൂലികയിൽ വിരിഞ്ഞത്.
'ഒന്നാം ക്ലാസ് മുതൽ ഒരേ ബെഞ്ചിലാണ് ഇരുവരും. കളിയാക്കലിന്റെ നൊമ്പരം കൂട്ടുകാരി പങ്കിട്ടിരുന്നത് ഭദ്രയോടാണ്. 12 ചെറു അദ്ധ്യായങ്ങളിലായി 47 പേജുകളിൽ അവയെല്ലാമുണ്ട്. ആ കൂട്ടുകാരി ആറാം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാലയം മാറാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ ഭദ്രയുടെ എഴുത്ത് വായിച്ചതോടെ കഥാപാത്രമായി മാറിയ 'യഥാർത്ഥ അന്നക്കുട്ടി"യും (ശരിയായ പേരല്ല) ആത്മവിശ്വാസത്തിലാണ്. 'കളിയാക്കപ്പെടേണ്ടതല്ല, എന്റെ നിറം"- അവൾ പറയുന്നു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുമ്പോൾ വരടിയം സർക്കാർ സ്കൂളിലെ ഏഴ് ബി ക്ലാസിൽ മൂന്നാം ബെഞ്ചിലുണ്ടാകും കഥാകാരിയും കഥാപാത്രവും.
സാഹിത്യ ലോകത്തെ
കുഞ്ഞുമേഘം
ചാവക്കാട്ടെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമേഷിന്റെയും അഭിഭാഷകയായ വി.ആർ. ശുഭയുടെയും ഏക മകളായ ഭദ്രയുടെ മൂന്നാമത് പുസ്തകമാണിത്. മൂന്നാം ക്ലാസിൽ ഭദ്ര പഠിക്കുമ്പോഴാണ് കുഞ്ഞുമേഘം എന്ന ചെറുകഥാ സമാഹാരം പിറന്നത്. പിന്നീട് അഞ്ചാം ക്ലാസിൽ അപ്പൂപ്പൻ താടികൾ എന്ന കവിതാ സമാഹാരം പുറത്തിറക്കി. ബാലസാഹിത്യം വായിച്ചു തുടങ്ങിയ ഭദ്ര, എം.ടിയുടെ നാലുകെട്ടാണ് ഒടുവിൽ വായിച്ചത്. കലവൂർ രവികുമാറിന്റെ ചൈനീസ് ബോയ് വായിച്ചാണ് നോവലെഴുതണം എന്ന മോഹമുണ്ടായത്. കളക്ടർ അർജുൻ പാണ്ഡ്യനാണ് 'ആനക്കുട്ടി അല്ല അന്നക്കുട്ടി" എന്ന ചെറുനോവൽ പ്രകാശനം ചെയ്തത്. യഥാർത്ഥ 'അന്നക്കുട്ടി"യും പ്രകാശനച്ചടങ്ങിനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |