തിരുവല്ല : കാത്തിരിപ്പിനൊടുവിൽ ആറാമത്തെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചതോടെ പാറക്കടവ് പാലത്തിന് ചിറകുമുളച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പാറക്കടവ് പാലത്തിന്റെ 22% അധീകരിച്ച ടെൻഡറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ആറുതവണ ആവർത്തിച്ചു ടെൻഡർ വിളിച്ചതിൽ ഏറ്റവും അവസാനത്തെ ടെൻഡറിലാണ്, നിരക്ക് കൂടുതലാണെങ്കിലും പൊതുജനാവശ്യം പരിഗണിച്ചും എം.എൽ.എയുടെയും എൽ.ഡി.എഫ് നേതൃത്വത്തിന്റെയും അഭ്യർത്ഥനമാനിച്ചും മന്ത്രിസഭ വിഷയം പരിഗണിച്ചത്.
2019 നവംബർ 11ന് ആദ്യ ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. 2021ൽ രണ്ടുതവണ ടെൻഡർ വിളിച്ചപ്പോഴും ഒരാൾ വീതമാണ് പങ്കെടുത്തത്. ക്വട്ടേഷൻ തുക വളരെ ഉയർന്നതായതിനാൽ നാലാമത്തെ ടെൻഡറിലേക്ക് പോയി. പിന്നീട് കരാർ അംഗീകരിച്ചെങ്കിലും കരാറുകാരൻ ജോലി ഏറ്റെടുത്തില്ല. ഇതേതുടർന്ന് ഡിസൈനിൽ മാറ്റം വരുത്തിയും എസ്റ്റിമേറ്റ് പുതുക്കിയും പുതുക്കിയ സാങ്കേതിക അനുമതിയെ അടിസ്ഥാനപ്പെടുത്തി അഞ്ചാമത്തെ ടെൻഡർ വിളിച്ചപ്പോഴും ആരും പങ്കെടുത്തില്ല. ഇതിനിടെ കോമളം പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് പണികൾ ഏറ്റുടുക്കാമോയെന്ന് എം.എൽ.എ അഭ്യർത്ഥിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ സ്ഥലം പരിശോധിച്ച് ആറാമത്തെ ടെൻഡറിൽ പങ്കെടുത്തു. അധീകരിച്ച നിരക്കിന് സർക്കാർ അനുമതിക്കായി സമർപ്പിച്ചു. പൊതുമരാമത്തും ധനവകുപ്പും വിശദമായ പരിശോധനയ്ക്കുശേഷം ചീഫ് ടെക്നിക്കൽ എക്സാമിനർ സാങ്കേതിക കാര്യങ്ങളും വിലയിരുത്തി. മന്ത്രിമാരുടെ ശുപാർശയിൽ മന്ത്രിസഭായോഗത്തിൽ പരിഗണിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടതോടെയാണ് പുതിയ പാലത്തിന് വഴിതെളിഞ്ഞത്.
പാലം മണിമലയാറിന് കുറുകെ
മല്ലപ്പള്ളി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാറി മണിമലയാറിന് കുറുകെയാണ് പാറക്കടവ് പാലം വിഭാവനം ചെയ്തിട്ടുള്ളത്. മല്ലപ്പള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളെ ബന്ധിപ്പിക്കുന്നു. കീഴ്‌വായ്പൂരിലെ കോട്ടയം - കോഴഞ്ചേരി റോഡിനെയും പരിയാരം ഭാഗത്തെ മൂശാരിക്കവല - കോമളം റോഡിനെയും പാലം ബന്ധിപ്പിക്കും. പാലം യാഥാർത്ഥ്യമായാൽ ഇരുവശത്തുമുള്ള ജനങ്ങൾക്ക് മല്ലപ്പള്ളി ജംഗ്ഷനിലെ തിരക്കൊഴിവാക്കി തിരുവല്ല, ചെറുകോൽപ്പുഴ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരാം.
നിർമ്മാണച്ചെലവ് 11.2കോടി
സ്ഥലമെടുപ്പിന് ചെലവായത് കൂടാതെ 11.2കോടി രൂപയ്ക്കാണ് നിർമാണം നടത്തുക. പാലത്തിന്റെ നീളം 111 മീറ്ററും. പരിയാരം (മല്ലപ്പള്ളി) ഭാഗത്തെ അപ്രോച്ച് റോഡിന് 155 മീറ്റർ നീളവും കീഴുവായ്പൂർ ഭാഗത്തെ അപ്രോച്ച് റോഡിന് 11.3 മീറ്റർ നീളവുമാണുള്ളത്. മല്ലപ്പള്ളി ഭാഗത്ത് സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന ഗതാഗതത്തിന് ഏഴര മീറ്റർ വീതിയിൽ റോഡും ഇരുവശത്തും ഒന്നരമീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ 11മീറ്ററാണ് പാലത്തിന്റെ വീതി.
28മീറ്റർ നീളമുള്ള നാല് സ്പാനുകളാണ് പാലത്തിനുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |